വിദ്യയ്ക്ക് ആവള കുട്ടോത്ത് ഒളിവിൽ കഴിയാൻ സഹായം നൽകിയത് മേപ്പയ്യൂർ പൊലീസെന്ന് ആരോപണം; പൊലീസ് സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധം
മേപ്പയ്യൂര്‍: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലിക്ക് ശ്രമിച്ച കേസിലെ പ്രതി കെ വിദ്യയുടെ അറസ്റ്റിന് പിന്നാലെ മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷന് മുന്പില് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. വിദ്യയ്ക്ക് ആവള കുട്ടോത്ത് ഒളിവില്‍ കഴിയാന്‍ സഹായം ഒരുക്കിയത് മേപ്പയ്യൂര്‍ പൊലീസ് ആണെന്ന് ആരോപിച്ചാണ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് മുന്പില് പ്രതിഷേധം സംഘടിപ്പിച്ചത്.
വിദ്യയെ അഗളി പോലീസ് അറസ്റ്റ് ചെയ്തത് മേപ്പയ്യൂര്‍ പോലീസ് അറിഞ്ഞില്ല. സംഭവത്തെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു സ്റ്റേഷന് ഹൗസ് ഓഫീസറുടെ പ്രതികരണം. എന്നാല്‍ വിദ്യയെ അറസ്റ്റ് ചെയ്തിട്ടും പോലീസ് വിവരങ്ങള്‍ മറച്ചുവെക്കുകയായിരുന്നെന്ന് പ്രതിഷേധകാര്‍ ആരോപിച്ചു.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനുമുന്നില്‍ നടത്തിയ പ്രതിഷേധധര്‍ണ കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി അര്ജുന് കറ്റയാട്ട് ഉദ്ഘാടനംചെയ്തു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എടവന റിഞ്ചുരാജ് അധ്യക്ഷത വഹിച്ചു.
സി.പി സുഹനാദ്, ഡി.ജി ദിജീഷ്, നിധിന് വിളയാട്ടൂര്‍, സായൂജ് അമ്പലക്കണ്ടി, ജിതിന് അശോകന്, ഇ അശോകന്, കെ.പി രാമചന്ദ്രന്, കെ.പി വേണുഗോപാല്‍, സി.എം ബാബു, എന്നിവര്‍ പ്രസംഗിച്ചു. മേപ്പയ്യൂര്‍ ടൗണില്‍ പ്രതിഷേധപ്രകടനവും നടത്തി.
Also Read: വ്യാജ സർട്ടിഫിക്കറ്റ് കേസ് പ്രതി കെ.വിദ്യ മേപ്പയ്യൂരിൽ നിന്ന് പൊലീസ് പിടിയിൽ