‘നിലവിലെ പ്ലാന്‍ പ്രകാരം ഡ്രെയിനേജ് നിര്‍മ്മിച്ചാല്‍ റോഡില്‍ വെള്ളക്കെട്ടാകും’; നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസില്‍ മുത്താമ്പി റോഡിലെ ഡ്രൈയിനേജ് നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു


കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസില്‍ മുത്താമ്പി റോഡിലെ ഡ്രെയിനേജ് (ഓട) നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു. മുത്താമ്പി റോഡില്‍ നിലവിലുള്ള ഡ്രെയിനേജ് ബൈപ്പാസിന്റെ സര്‍വ്വീസ് റോഡിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ഡ്രെയിനേജുമായി ബന്ധിപ്പാതെ നിര്‍മ്മിക്കുന്നതിനാലാണ് നാട്ടുകാര്‍ നിര്‍മ്മാണം തടഞ്ഞത്.

മുത്താമ്പി റോഡിന് സമാന്തരമായി നിലവിലുള്ള ഡ്രെയിനേജില്‍ കിഴക്ക് നിന്നും പടിഞ്ഞാറ് നിന്നുമുള്ള വെള്ളം ഒഴുകിയെത്തും. ഈ ഡ്രെയിനേജ് ബൈപ്പാസിന്റെ ഡ്രെയിനേജുമായി ബന്ധിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവിലെ ഡ്രെയിനേജും പുതിയ ഡ്രെയിനേജും വ്യത്യസ്ത ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. രണ്ട് ഡ്രെയിനേജുകളും തമ്മില്‍ ബന്ധിപ്പിക്കാതെ നിര്‍മ്മാണം നടത്തിയാല്‍ പ്രദേശത്ത് അടിപ്പാതയില്‍ ഉള്‍പ്പെടെ വെള്ളക്കെട്ട് ഉണ്ടാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

 

കഴിഞ്ഞ ദിവസവും ഡ്രെയിനേജ് കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞിരുന്നു. അന്ന് എം.എല്‍.എ കാനത്തില്‍ ജമീല ഉള്‍പ്പെടെ സ്ഥലത്തെത്തുകയും അധികൃതരുമായി സംസാരിക്കുകയും ചെയ്തിരുന്നു. വെള്ളക്കെട്ട് ഉണ്ടാകാത്ത തരത്തില്‍ രണ്ട് ഡ്രെയിനേജുകളും ബന്ധിപ്പിച്ചുകൊണ്ട് നിര്‍മ്മാണം നടത്താമെന്ന് അന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു.

ഈ ഉറപ്പ് ലംഘിച്ചാണ് ഇന്ന് വീണ്ടും ഡ്രെയിനേജ് നിര്‍മ്മാണം നടത്താന്‍ ശ്രമിച്ചത്. എന്നാല്‍ ഇത് ശ്രദ്ധയില്‍ പെട്ട പ്രദേശവാസികള്‍ സംഘടിച്ചെത്തി പ്രവൃത്തി തടയുകയായിരുന്നു. കോണ്‍ക്രീറ്റിനായി സ്ഥാപിച്ച കമ്പികളും കോണ്‍ക്രീറ്റ് മിക്‌സ്ചറും നാട്ടുകാര്‍ എടുത്തുമാറ്റി. ഇതോടെ എഞ്ചിനീയര്‍ പ്രവൃത്തി നിര്‍ത്തി വയ്ക്കുകയായിരുന്നു.

ബൈപ്പാസ് നിര്‍മ്മാണം കരാറെടുത്ത അദാനി എന്റര്‍പ്രൈസസ് തന്ന പ്ലാന്‍ പ്രകാരമാണ് തങ്ങള്‍ നിര്‍മ്മാണം നടത്തുന്നത് എന്നാണ് പ്രവൃത്തി നടത്തുന്ന വാഗാഡ് കമ്പനിയുടെ അധികൃതര്‍ പറയുന്നത്. അതേസമയം പ്രശ്‌നം പരിഹരിക്കാതെ നിര്‍മ്മാണം അനുവദിക്കില്ല എന്ന നിലപാടിലാണ് നാട്ടുകാര്‍. ഇക്കാര്യത്തില്‍ നാളെ ചര്‍ച്ച നടക്കും എന്നാണ് വിവരം.