റോഡ് പണി തീരുമ്പോഴേക്കും എത്ര മനുഷ്യജീവനുകള്‍ പൊലിയും? നിര്‍മ്മാണഘട്ടത്തില്‍ വേണ്ടമുന്‍കരുതലുകള്‍ പാലിച്ചില്ല, കൊയിലാണ്ടി-താമരശേരി-എടവണ്ണ സംസ്ഥാനപാതയില്‍ അപകടങ്ങള്‍ പതിവാകുന്നു


ഉള്ള്യേരി: നവീകരണം പൂര്‍ത്തിയാവുന്ന കൊയിലാണ്ടി – താമരശ്ശേരി – എടവണ്ണ സംസ്ഥാനപാതയില്‍ അപകടങ്ങള്‍ പതിവാകുന്നു. നിര്‍മാണഘട്ടത്തില്‍ പാലിക്കേണ്ട മുന്‍കരുതലുകളോ ജാഗ്രതനിര്‍ദേശങ്ങളോ ഇല്ലാത്തതാണ് ഈ റോഡിനെ കുരുതിക്കളമാക്കുന്നത്. നിത്യേന അപകടവാര്‍ത്തകള്‍ കാണുമ്പോള്‍ റോഡ് പണി തീരുമ്പോഴേക്കും എത്ര മനുഷ്യ ജീവനുകള്‍ പൊലിയുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.

സംസ്ഥാനപാത വീതികൂട്ടി നവീകരിച്ചതോടെ ഇതുവഴി വാഹനങ്ങള്‍ നിയന്ത്രണമില്ലാതെ കുതിച്ചുപായുകയാണ്. നവീകരണപ്രവൃത്തി പൂര്‍ത്തിയായ ഭാഗങ്ങളില്‍ ഡിവൈഡറുകളോ സിഗ്‌നലുകളോ സ്ഥാപിച്ചിട്ടില്ല.

റോഡില്‍ തെരുവ് വിളക്കുമില്ല. അതുകൊണ്ടുതന്നെ ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെയാണ് വാഹനങ്ങള്‍ കുതിക്കുന്നത്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ മഹാദുരന്തങ്ങളുടെ പാതയായി സംസ്ഥാനപാത മാറും. സംസ്ഥാനപാത രണ്ടുവരിപ്പാതയായി നവീകരിക്കുന്ന പ്രവൃത്തി പൂര്‍ത്തിയാകുന്നതിനു മുമ്പേതന്നെ ഉള്ള്യരി മുതല്‍ താമരശ്ശേരി വരെയുള്ള ഭാഗങ്ങളില്‍ അപകടങ്ങള്‍ നിത്യസംഭവങ്ങളായി മാറി.

ബാലുശ്ശേരി കോക്കല്ലൂര്‍ ഭാഗങ്ങളില്‍ ജപ്പാന്‍ പൈപ്പ് ലൈന്‍ ഇടക്കിടെ പൊട്ടി ചോരുന്നതു കാരണം നവീകരിച്ച റോഡ് പലപ്പോഴും കുത്തിപ്പൊളിക്കാനിടയാകുന്നുണ്ട്. റോഡില്‍ കുഴികള്‍ രൂപപ്പെടുന്നതിന് ഇത് കാരണമാകുന്നു. മിക്ക ഭാഗങ്ങളിലും കലുങ്ക് നിര്‍മാണം ഭാഗികമായാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇതാകട്ടെ രാത്രി വാഹനങ്ങള്‍ അപകടത്തില്‍പെടാന്‍ ഇടയാക്കുന്നു.

ഉള്ള്യേരി, ബാലുശ്ശേരി, താമരശ്ശേരി ഭാഗത്ത് സംസ്ഥാനപാതയില്‍ അടുത്ത കാലത്ത് പല അപകടങ്ങളിലായി ഒരു ഡസനിലേറെ ജീവനുകളാണ് പൊലിഞ്ഞത്. പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്നവരും ഏറെയുണ്ട്. കഴിഞ്ഞ മേയില്‍ ബാലുശ്ശേരി ഗോകുലം കോളജിനു മുന്നില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് മധ്യവയസ്‌കന്‍ മരിച്ചത് റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനിടയിലായിരുന്നു. കൂടെ സഞ്ചരിച്ച ഭാര്യ പരിക്കുകളോടെ രക്ഷപ്പെട്ടു.

ആഗസ്റ്റില്‍ ഉള്ള്യരിയില്‍ കാര്‍ നിയന്ത്രണംവിട്ട് ബൈക്കിലിടിച്ച് രണ്ട് യുവ എന്‍ജിനീയര്‍മാര്‍ മരിച്ചു. അമിതവേഗത്തില്‍ വന്ന കാര്‍ റോഡില്‍നിന്ന് നിയന്ത്രണംവിട്ട് തെന്നി മറിഞ്ഞ് സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിക്കുകയായിരുന്നു.

സെപ്റ്റംബറില്‍ പനായി മുക്കില്‍ നിര്‍ത്തിയിട്ട ബൈക്കിലിരുന്ന് ഫോണില്‍ സംസാരിക്കുകയായിരുന്ന മധ്യവയസ്‌കന്‍ നിയന്ത്രണംവിട്ടു വന്ന കാര്‍ ഇടിച്ചാണ് മരിച്ചത്. കഴിഞ്ഞ ആഴ്ച ബാലുശ്ശേരി പുത്തൂര്‍വട്ടം പെട്രോള്‍ പമ്പിന് മുന്നില്‍ നിയന്ത്രണംവിട്ട കാര്‍ ട്രാന്‍സ്‌ഫോമറിന്റെ സ്വിച്ച് ബോര്‍ഡ് ഇടിച്ചു തകര്‍ത്തു. കാറിലെ യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

ഒരാഴ്ച വട്ടോളി ബസാറിനടുത്ത് റോഡില്‍ നിന്ന് തെന്നിമാറിയ ബസ് ഇലക്ട്രിക് പോസ്റ്റിനിടിച്ചെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഈ പാതയില്‍ അടുത്തിടെ നടന്ന അപകടങ്ങളില്‍ ചുരുക്കം ചിലത് മാത്രമാണ് ഇത്. സുരക്ഷാമുന്‍കരുതലുകളെടുക്കാന്‍ ഇനിയും അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ കാത്തിരിക്കണോയെന്നതാണ് ജനങ്ങളുടെ ചോദ്യം.