യാത്ര ചെയ്തത് മൂന്ന് പേര് വീതം, ക്യാമറയ്ക്ക് മുമ്പിലെത്തുമ്പോള്‍ നമ്പര്‍ പ്ലേറ്റ് മറയ്ക്കും; 11 തവണ എഐ ക്യാമറയില്‍ കുടുങ്ങിയ സ്ക്കൂട്ടറിന്റെ ഉടമയെ തേടി പോലീസ്
കോഴിക്കോട്: ഗതാഗത നിയമം ലംഘിച്ചതിന് എഐ ക്യാമറയില്‍ കുടുങ്ങിയ സ്ക്കൂട്ടറിന്റെ ഉടമയെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ച് മോട്ടോര്‍ എന്ഫോയ്സ്മെന്റും പോലീസും. മായനാട്-എന്‍ഐടി മേഖലയിലുള്ള ഒരേ വാഹനം 11 തവണയാണ് ഗതാഗതം നിയമം ലംഘിച്ചതിന് എഐ ക്യാമറയില്‍ കുടുങ്ങിയത്.
11 തവണയും വ്യത്യസ്ത യുവതികളും യുവാക്കളുമാണ് വാഹനം ഉപയോഗിച്ചിട്ടുള്ളത്. പലപ്പോഴും മൂന്ന് പേരാണ് ഈ വാഹനത്തില്‍ യാത്ര ചെയ്തിട്ടുള്ളത്. ക്യാമറയ്ക്ക് മുമ്പിലെത്തുമ്പോള്‍ കൈകൊണ്ട് നമ്പര്‍ പ്ലേറ്റ് മറക്കുന്നതായിരുന്നു രീതി.
കെഎല്‍ 25എം 4552 എന്ന നമ്പറിലുള്ള വാഹനം കൊല്ലം ജില്ലയില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വാഹനം ചാത്തമംഗലം എന്‍ ഐടി ക്യാമ്പസിനോട് ചേര്‍ന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആര്‍ടിഒ കണ്ടെത്തുകയും ചെയ്തിരുന്നു.
തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് വാഹനം കസ്റ്റഡിയിലെടുത്തു. യഥാര്‍ത്ഥ വാഹന ഉടമയെ കണ്ടെത്താന്‍ കൊല്ലം പോലീസിനും ജില്ലാ റൂറല്‍ പോലീസിനും എന്‍ഫോഴ്സ്മെന്റ് വിവരം നല്‍കിയിട്ടുണ്ട്.