പിഞ്ചു കുഞ്ഞടക്കം മൂന്ന് കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; കൂരാച്ചുണ്ട് സ്വദേശിയായ അമ്മയും കാമുകനും പിടിയില്‍


കൂരാച്ചുണ്ട്: പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള മൂന്ന് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ അമ്മ പിടിയില്‍. കൂരാച്ചുണ്ട് സ്വദേശികളായ ഇരുപത്തിയേഴുകാരിയും കാമുകനായ ഇരുപത്തിയാറുകാരനുമാണ് അറസ്റ്റിലായത്. ഇരുവരെയും കൂരാച്ചുണ്ട് പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം വൈത്തിരിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

വിവാഹിതയും 12 വയസ്സില്‍ താഴെ പ്രായമുള്ള മൂന്നുകുട്ടികളുടെ അമ്മയുമായ യുവതിയെ കഴിഞ്ഞ നാലാം തീയതി മുതലാണ് കാണാതായത്. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കൂരാച്ചുണ്ട് പോലീസ് കേസെടുത്തിരുന്നു. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്.

കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന് യുവതിക്കെതിരെയും ഇതിനു പ്രേരണ നല്‍കിയതിന് കാമുകനെതിരെയും കേസെടുത്തിരിക്കുന്നത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. കൂരാച്ചുണ്ട് സബ് ഇന്‍സ്‌പെക്റ്റര്‍ അന്‍വര്‍ ഷാ ആണ് കേസ് അന്വേഷിക്കുന്നത്.