‘നെയ്ത്ത് കലയെ പരിപോഷിപ്പിക്കണം’; വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നെയ്ത്ത് തൊഴിലാളികളെ ആദരിച്ച് നടുവത്തൂര്‍ സൗത്ത് എല്‍.പി.സ്കൂളില്‍ സമാദര സദസ്സ്
കീഴരിയൂര്‍: പരമ്പരാഗത നെയ്ത്ത് കലയെ പരിപോഷിപ്പിക്കണമെന്ന് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് പറഞ്ഞു. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മതിയായ പ്രതിഫലം ലഭിക്കാത്തതിനാല്‍ ഈ കുലത്തൊഴില്‍ അനാകര്‍ഷക മേഖലയായി മാറുകയാണ്. ഒരു കാലത്ത് ഗ്രാമീണ ജീവിതത്തിന് ഊടുംപാവും നല്കിയ നെയ്ത്ത് തൊഴില്‍ മേഖലയില്‍ സര്‍ക്കാറില്‍ നിന്നും ഇനിയും കൂടുതല്‍ പരിഗണന ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നടുവത്തൂര്‍ സൗത്ത് എല്‍.പി.സ്കൂളില്‍ സംഘടിപ്പിച്ച സമാദര സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയ കാല നെയ്ത്ത് തൊഴിലാളികളായ രയരപ്പന്‍ അറയില്‍ വീട്ടില്‍, കൊന്നയുളള കണ്ടി ഗോവിന്ദന്, പാരമ്പര്യ തൊഴിലിനെ ആശ്രയിച്ച് ഇന്നും ഉപജീവനം നടത്തുന്ന ശ്രീധരന് പണ്ടാരപ്പുരയില്‍, ചന്ദ്രന് പുത്തന്‍പുരയില്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
മത്സര പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുളള ഉപഹാരം കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിര്‍മ്മല ടീച്ചര്‍ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം അമല്‍ സരാഗ അധ്യക്ഷ്യത വഹിച്ചു. കവിയും ചിത്രകാരനുമായ യു.കെ.രാഘവന് മുഖ്യപ്രഭാഷണം നടത്തി.
ശ്രീനി നടുവത്തൂര്‍, കെ.ഷിജു, ബിജു.എന്‍, സൈനുദ്ദീന്‍.ടി.യു, ശ്രീനി കുന്നമ്പത്ത്, ചന്ദ്രന് ടി.എം, രമ്യ ഇ.കെ, സ്ക്കൂള് മാനേജര്‍ ബി. ഉണ്ണിക്കൃഷ്ണന്, നിസ്വന എന്നിവര്‍ സംസാരിച്ചു. പി.ടി.എ.പ്രസിഡന്റ് ടി.കെ വിജയന് സ്വാഗതവും കെ.ഷിജില നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ കലാസന്ധ്യയും അരങ്ങേറി.