നാദാപുരത്ത് സദാചാര ഗുണ്ടാ ആക്രമണം; വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ മർദ്ദിച്ച് പത്തം​ഗ സംഘം


നാദാപുരം: പേരോട് സദാചാര ഗുണ്ടകളുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. കൂത്തുപറമ്പ് മമ്പറം സ്വദേശി വിശാഖിനാണ് പരിക്കേറ്റത്. പെൺസുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ പത്തംഗ സംഘം ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. പാറക്കടവ് റോഡിൽ തട്ടാറത്ത് പള്ളിക്ക് സമീപത്തെ വീട്ടിൽ വ്യാഴ്ച രാത്രിയിലാണ് ആക്രമണം.

പത്തോളം വരുന്ന സംഘം വീട്ടിൽ അതിക്രമിച്ചുകയറി യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. ആക്രമണത്തില്‍ വിശാഖന്റെ കൈയും കാലും ഒടിഞ്ഞു. തലയില്‍ ആഴത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

യുവാവ് വീട്ടിലെത്തിയ വിവരം അക്രമിസംഘങ്ങളെ ആരോ ഫോൺ ചെയ്ത് അറിയിക്കുകയും ഒരു കൂട്ടം പേർ സംഘടിച്ചെത്തി ആക്രമിക്കുകയുമായിരുന്നു. ഇരുമ്പ് ദണ്ഡുകളും ഹോളോബ്രിക്സ് കട്ടകളും ഉപയോഗിച്ചാണ് അക്രമിച്ചതെന്ന് വിശാഖ് പോലീസില്‍ മൊഴി നല്‍കി.

സംഭവത്തിൽ പേരോട് സ്വദേശി കിഴക്കേപറമ്പത്ത് മുഹമ്മദ് സാലി (35 ) നാദാപുരം എസ്ഐ ഇ വി ഫായീസ് അലി അറസ്‌റ്റ് ചെയ്തു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പ് ചേർത്താണ് കേസ്. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.