ദുരൂഹതകളുയർത്തി കുറ്റ്യാടി തീപിടുത്തം; പരിശോധനകൾക്കു ശേഷവും കാരണം വ്യക്തമായിട്ടില്ല
കുറ്റ്യാടി: വിദഗ്ധ പരിശോധനകൾക്കൊടുവിലും കാരണം വ്യക്തമാവാതെ കുറ്റ്യാടി തീപിടുത്തം. ശനിയാഴ്ച്ച വൈകിട്ടോടെയാണ് തീപിടുത്തമുണ്ടായത്. വേളം കിണറുള്ള കണ്ടിമുക്ക് വെള്ളാക്കൊടി വി.കെ. സിദ്ദീഖിന്റെ ചന്ദനമഴ എന്ന ഫാന്‍സി ആന്‍ഡ് ഗ്രോസറി കടയില്‍നിന്നാണ് തീപടര്‍ന്നത്.
ചന്ദനമഴ ഫാന്‍സി, സോപ്പുകട, ലൈവ് ഫൂട്ട് വെയര്‍, എന്നി കടകളാണ് ശനിയാഴ്ച്ച നടന്ന തീപിടുത്തത്തില്‍ കത്തിനശിച്ചത്. അടച്ചിട്ട ഫാന്‍സി കടയുടെ പിന്‍ഭാഗത്തുനിന്നാണ് ആദ്യം തീ ഉയര്‍ന്നതെന്നും പിന്നീട് കടക്കുള്ളിലേക്ക് വ്യാപിക്കുകയായിരുന്നു എന്നുമാണ് പരിസരത്തെ കടയുടമകള്‍ പറയുന്നത്. ഫാൻസി കടയിൽ നിന്നും സമീപത്തുള്ള സോപ്പുകടയിലേക്കും ചെരുപ്പുകടയിലേക്കും തീ പടരുകയായിരുന്നു. ഒരു ഇടനാഴിയിലാണ് ഈ കടകൾ പ്രവർത്തിച്ചിരുന്നത്.
തീ കടയില്‍ നിന്നുണ്ടായതല്ല പുറത്തുനിന്ന് ഉണ്ടായതാവാമെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് കടയുടമ സിദ്ദീഖ് പറഞ്ഞു. സംഭവ സമയത്ത് കടയിലാരുമുണ്ടായിരുന്നില്ല. മൂന്ന് സ്ത്രീ തൊഴിലാളികളാണ് കടയില്‍ ഉള്ളത്. ആറുമണിയോടെ അവർ കടയടച്ച് പോയിരുന്നു. ഫാന്‍സി സാധനങ്ങളുടെ വിതരണം ചെയ്യാനായി ഞാനും പുറത്ത് പോയിരുന്നു. കടയിലെ ആറ് സി.സി ടി.വി ക്യാമറകളുണ്ടായിരുന്നെങ്കിലും ക്യാമറകളും പ്രോസസറും കത്തിനശിച്ചതിനാല്‍ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല എന്നും സിദ്ദീഖ് കൂട്ടിച്ചേർത്തു.
ഫോറന്‍സിക് വിദഗ്ധ സഫ്ന, വിരലടയാള വിദഗ്ധന്‍ ജിജേഷ് പ്രസാദ്, കെ.എസ്.ഇ.ബി സബ് എന്‍ജിനീയര്‍ ഷൈജു, ഡോഗ് സ്ക്വാഡ് എന്നിവരടങ്ങിയ സംഘം ഇന്നലെ എത്തി പരിശോധന നടത്തിയിരുന്നു.
ഷോര്‍ട്ട് സർക്യൂട്ടിട് എന്ന സാധ്യതയാണ് സ്ഥലം എം.എല്‍.എ കെ.പി. കുഞ്ഞമ്മദ് കുട്ടി ചൂണ്ടി കാട്ടിയത്. എന്നാല്‍, ഷോര്‍ട്ട് സര്‍ക്യൂട്ടിനു കാരണങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്ന് കുറ്റ്യാടി കെ.എസ്.ഇ.ബി അധികൃതര്‍ പറഞ്ഞു. പ്രാഥമിക പരിശോധനയില്‍ സര്‍വിസ് വയര്‍ പൊട്ടിവീണതായി കണ്ടിട്ടില്ല.
ഇലക്ട്രിക്കല്‍ ഇൻസ്പെക്ടറേറ്റിലെ വിദഗ്ധര്‍ കൂടുതൽ പരിശോധന നടത്തും. ഫോറന്‍സിക് വിദഗ്ധരും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. വിദഗ്ധ പരിശോധനയ്ക്കായി ലാബിലേക്ക് അയക്കും. ഡോഗ് സ്ക്വാഡ് എത്തിയിരുന്നെങ്കിലും കാരണം കണ്ടെത്താനായില്ല. നാദാപുരം ഡിവൈ.എസ്.പി ജേക്കബ്, കുറ്റ്യാടി എസ്.ഐ പി. ഷമീര്‍ എന്നിവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു.
തീ കെടുത്തിയ നാദാപുരം അഗ്നിരക്ഷ സേനയും കാരണം വ്യക്തമല്ല എന്നാണ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞത്. നാദാപുരത്ത് നിന്ന് രണ്ടു യൂണിറ്റെത്തിയാണ് തീ അണച്ചത്. പേരാമ്പ്രയിൽ നിന്നൊരു യൂണിറ്റും എത്തിയിരുന്നു.
മലേനാണ്ടി പറമ്പിലുണ്ടായിരുന്ന കടകളാണ് കത്തിനശിച്ചത്. പറമ്ബിലെ വീട്ടിലേക്കുണ്ടായിരുന്ന റോഡ് ഒഴിവാക്കി അത്രയും ഭാഗം ടിന് ഷീറ്റ് കൊണ്ടും ടാര്പോളിന്കൊണ്ടും ഷെഡ് നിര്‍മിച്ച് അതിലാണ് ഫാന്‍സി ഷോപ്പ് പ്രവര്‍ത്തിച്ചത്. അത് മുഴുവന്‍ ചാമ്ബലായി. 20 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ട്. ചെരുപ്പ് കടക്കും ആറുലക്ഷത്തോളം നഷ്ട്ടമുണ്ടായിട്ടുണ്ട്.