താമരശ്ശേരിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം; എട്ടരപ്പവന്‍ തൂക്കമുള്ള സ്വര്‍ണം കവര്‍ന്നതായി പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്
താമരശ്ശേരി: താമരശ്ശേരിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് എട്ടരപ്പവന്‍ സ്വര്‍ണം കവര്‍ന്നതായി പരാതി. താമരശ്ശേരി ചുങ്കത്തെ പെട്രോള്‍ പമ്പിന് സമീപം പനന്തോട്ടം ഇന്ദിരാലയം ഹൗസില്‍ ഇന്ദിരയുടെ വീട്ടിലാണ് കവര്‍ച്ചനടന്നത്.
വയനാടിലെ ബന്ധുവീട്ടില്‍ മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച രാവിലെ പോയ വീട്ടുകാര്‍ ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ചനടന്ന വിവരമറിയുന്നത്. വീട്ടില്‍ നിന്നും ആറരപ്പവന്‍ തൂക്കംവരുന്ന മൂന്ന് സ്വര്‍ണവളകള്‍, അരപ്പവന്‍വരുന്ന ഒരു സ്വര്‍ണ ലോക്കറ്റ്, ഒന്നരപ്പവന്‍ വരുന്ന രണ്ടുജോഡി സ്വര്‍ണക്കമ്മലുകള്‍ എന്നിവയ്ക്കുപുറമേ എണ്ണായിരം രൂപ വിലവരുന്ന രണ്ട് വാച്ചുകള്‍, ആയിരം രൂപ, സി.സി.ടി.വിയുടെ ഡി.വി.ആര്. ഉള്‍പ്പെടെ മോഷ്ടാക്കള്‍ അപഹരിച്ചു.
അകത്തെ മുറികളിലെല്ലാം സാധനങ്ങള്‍ വാരിവലിച്ചിട്ടനിലയിലായിരുന്നു. വീടിന്റെ പിറകുവശത്തെ ഗ്രില്ലും വാതിലിന്റെ പൂട്ടും പൊളിച്ച് അകത്തുകയറിയാണ് മോഷ്ടാവ് മുറിക്കുള്ളിലെ അലമാരയില്‍ ബാഗിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ മോഷ്ടിച്ചത്. കളവും വീടിനുണ്ടായ നാശനഷ്ടങ്ങളും ഉള്‍പ്പെടെ ആറുലക്ഷം രൂപയുടെ നഷ്ടം നേരിട്ടതായി കാണിച്ച് വീട്ടുകാര്‍ തിങ്കളാഴ്ച രാവിലെ താമരശ്ശേരി പോലീസില്‍ പരാതിനല്‍കി.
എസ്.ഐ. വി.കെ റസാഖിന്റെ നേതൃത്വത്തില്‍ താമരശ്ശേരി പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പരാതിയില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചതായും പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചുവരുകയാണെന്നും എസ്.ഐ. വി.കെ റസാഖ് അറിയിച്ചു.