കൊയിലാണ്ടിയില്‍ നായ വാഹനത്തിന് കുറുകെ ചാടി യുവാവ് മരിച്ച സംഭവം; അപകടം സംഭവിച്ചത് സുഹൃത്തിനെ വീട്ടില്‍ ഇറക്കി മടങ്ങവെ, പ്രദേശത്ത് തെരുവനായകള്‍ വാഹനങ്ങള്‍ക്ക് പിറകേയോടുന്നതും കടിക്കുന്നതും പതിവാണെന്ന് നാട്ടുകാര്‍


കൊയിലാണ്ടി: തെരുവുനായ ബൈക്കിന് കുറുകെ ചാടിയതിനെ തുടര്‍ന്ന് കോമത്തുകര കളത്തില്‍ താഴെ വൈശാഖ് അപകടത്തില്‍പ്പെട്ടത് സുഹൃത്തിനെ വീട്ടില്‍ ഇറക്കി മടങ്ങുന്നതിനിടെ. ലൈറ്റ് ആന്റ് സൗണ്ട്‌സ് ജീവനക്കാരനായിരുന്ന വൈശാഖ് ജോലി കഴിഞ്ഞ് മടങ്ങവെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ അയാളുടെ വീട്ടില്‍ ഇറക്കി തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.

അപകടം നടന്ന സ്ഥലത്തുണ്ടായിരുന്ന വൈശാഖിന്റെ സുഹൃത്തുക്കളാണ് ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചത്. അപകടത്തിന് പിന്നാലെ വൈശാഖ് അബോധാവസ്ഥയിലായിരുന്നു. പെട്ടെന്ന് ചികിത്സ ഉറപ്പാക്കാന്‍ കഴിഞ്ഞതിനാല്‍ അവന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു സുഹൃത്തുക്കള്‍. എന്നാല്‍ ഇന്നലെ ഉച്ചയോടെ വൈശാഖ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

അപകടം നടന്ന മേലൂര്‍ കോമത്തുകര റോഡിലും പരിസര പ്രദേശത്തും തെരുവുനായകളുടെ ശല്യം വ്യാപകമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവിടെ പലര്‍ക്കും നായയുടെ കടിയേറ്റ് ചികിത്സതേടേണ്ടി വന്നിട്ടുണ്ട്. ഇതുവഴി പോകുന്ന വാഹനങ്ങള്‍ക്കും മറ്റും പിറകേ നായകള്‍ ഓടുന്നത് പതിവാണെന്നും പ്രദേശത്തെ യുവാക്കള്‍ പറയുന്നു.

ഷാജിയുടെയും ലതയുടെയും മകനാണ് വൈശാഖ്. സഹോദരി: ഐശ്വര്യ. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.