തണുപ്പില്‍ തലമുടി കൊഴിയുന്നുണ്ടോ ഇതാ ഒരു ഉഗ്രൻ ഹോം റെമഡി
മാറിമറിയുന്ന കാലാവസ്ഥയ്ക്കൊപ്പം മുടികൊഴിച്ചിലും സ്വാഭാവികമാണ്. പ്രത്യേകിച്ച് ശൈത്യകാലത്തെ അതിജീവിക്കാന്‍ നമ്മുടെ മുടിയിഴകള്‍ ഒരുപാട് കഷ്ടപ്പെടാറുണ്ട്. ദിവസേന രണ്ടുമൂന്നിഴ മുടി മുതല്‍ പത്തുംപതിനഞ്ചും അതിലധികവും വരെ മുടിയിഴകള്‍ നഷ്ടപ്പെടുന്നവരുണ്ട്. കടുത്ത മുടികൊഴിച്ചില്‍ പലരെയും മാനസിക പിരിമുറുക്കത്തിലേക്ക് വരെ തള്ളിയിടുന്നു. മാര്‍ക്കറ്റില്‍ ലഭ്യമായ മിക്ക ഹെയര്‍ ഓയിലുകളും മാറിമാറി പരീക്ഷിച്ചിട്ടും മുടിയെ പിടിച്ച് നിര്‍ത്താന്‍ കഴിയാതെ വിഷമിച്ചിരിക്കുന്നവര്‍ക്ക് ഇതാ ഒരു കിടിലന്‍ ഹോം റെമഡി. ശൈത്യകാലത്തെ നിയന്ത്രണാതീതമായ മുടികൊഴിച്ചിലില്‍ നിന്ന് ഈ കറ്റാര്‍ വാഴ പ്രയോഗം നിങ്ങളെ രക്ഷിച്ചേക്കാം.
ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ളതും ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടവുമായ ഒരു ഔഷധ സസ്യമാണ് കറ്റാര്‍ വാഴ. തുടക്കത്തില്‍ വടക്കേ ആഫ്രിക്ക, തെക്കന്‍ യൂറോപ്പ്, കാനറി ദ്വീപുകള്‍ എന്നിവിടങ്ങളില്‍ കണ്ടുവന്ന ഈ ചെടി ഇന്ന് ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ കാലാവസ്ഥയില്‍ സമൃദ്ധമായി വളരുന്നു വരുന്നു. കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും സുലഭമായുള്ള കറ്റാര്‍ വാഴ നമ്മുടെ മുടിയിഴകള്‍ക്ക് ഒരു മിനിമം ഗ്യാരണ്ടിയെങ്കിലും നല്‍കുന്നുണ്ട്.
തണുപ്പുകാലത്തെ മുടികൊഴിച്ചില്‍ അകറ്റാനും കറ്റാര്‍ വാഴ മാത്രം മതി. കറ്റാര്‍ വാഴയില്‍ വലിയ അളവില്‍ ഫാറ്റി ആസിഡുകളും പ്രോട്ടിയോലൈറ്റിക് എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ശിരോചര്‍മ്മത്തിലെ നിര്‍ജ്ജീവ കോശങ്ങള്‍ക്കാവശ്യമായ പോഷകങ്ങള്‍ നല്കി ശിരോചര്‍മ്മത്തെ ആരോഗ്യകരമായ അവസ്ഥയിലേക്ക് കൊണ്ടുവരാന്‍ സഹായിക്കും. ഇത് മുടിയുടെ ആരോഗ്യകരമായ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി പൊട്ടിപോകാനുള്ള സാധ്യത ഇല്ലാതാക്കുകയും അമിതമായി മുടി കൊഴിച്ചിലിന് തടയിടുകയും ചെയ്യും.
ആന്റി-ഇന്‍ഫ്ലമേറ്ററി ഘടകങ്ങളും കറ്റാര്‍ വാഴയില്‍ അടങ്ങിയിട്ടുണ്ട്. ഒട്ടുമിക്ക ആളുകള്‍ക്കും ഏറെ പ്രയാസമുണ്ടാക്കുകയും മുടികൊഴിച്ചിലിന് വഴിയൊരുക്കുകയും ചെയ്യുന്ന സബോറെഹിക് ഡെര്‍മറ്റൈറ്റിസ് അല്ലെങ്കില്‍ താരന്, തലയോട്ടിയില്‍ ചൊറിച്ചിലും ചര്‍മ്മത്തില്‍ ചൊറിച്ചിലും ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ്. ഇതിനെ പ്രതിരോധിക്കാനും കറ്റാര്‍ വാഴ ഉപയോഗത്തിലൂടെ എളുപ്പത്തില്‍ പരിഹാരം കാണാനാകും. ശിരോചര്മ്മത്തിലുണ്ടാവുന്ന അമിതമായ വരള്‍ച്ച ഇല്ലാതാക്കാനും കറ്റാര്‍ വാഴയ്ക്ക് സാധിക്കും.
കറ്റാര്‍ വാഴയുടെ മറ്റൊരു പ്രധാന ഗുണം എണ്ണമയമുള്ള മുടിയെ ആഴത്തില്‍ വൃത്തിയാക്കാന്‍ സഹായിക്കുന്നു എന്നതാണ്. കറ്റാര്‍ വാഴ ജെല്‍ നിരന്തരമായി ഉപയോഗിക്കുന്നതിലൂടെ ശിരോചര്‍മ്മത്തിലെ അമിതമായ സെബം നീക്കം ചെയ്യാനും ഷാംപൂ അല്ലെങ്കില്‍ കണ്ടീഷണര്‍ ഉപയോഗിച്ചതിന് ശേഷം ബാക്കിയാവുന്ന അവയുടെ അവശിഷ്ടങ്ങള്‍ നീക്കി സ്കാല്‍പ്പിനെ മൃദുവായതാക്കി മാറ്റാനും മുടിയെ ആരോഗ്യകരവും ശക്തവും തിളക്കമാര്ന്നതുമാക്കാനും കഴിയും
കറ്റാര്‍ വാഴ ജെല്ലില്‍ ഉയര്‍ന്ന ജലാംശമുള്ളതിനാല്‍ ഇത് മുടിയിലും തലയോട്ടിയിലും ഈര്‍പ്പം നിലനിര്‍ത്തി ഒരു മോയ്ചറൈസിങ്ങ് ഇഫക്ടും നല്കുന്നു. രോമകൂപങ്ങള്‍ സമൃദ്ധമായി വളരാന്‍ ആവശ്യമായ എല്ലാ പോഷകങ്ങളും കറ്റാര്‍ വാഴയിലുണ്ട്.
മുടിക്ക് കറ്റാര്‍ വാഴ ജെല്‍ ഉപയോഗിക്കുന്നത് ആരോഗ്യ കോശങ്ങളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കും കാരണം, കറ്റാര്‍വാഴയില്‍ അവശ്യ വിറ്റാമിനുകളായ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. കറ്റാര്‍ വാഴയില്‍ ഫോളിക് ആസിഡ്, കോളിന്, വിറ്റാമിന്‍ ബി 12 എന്നിവയും അടങ്ങിയിരിക്കുന്നതിനാലാണ് അത് മുടികൊളിച്ചിലിന് ഫലപ്രദമായ റെമഡിയായി മാറുന്നത്.
ആരോഗ്യകരമായ മുടിയിഴകള്‍ക്കായി കറ്റാര്‍ വാഴയെ എങ്ങനെയെല്ലാം ഉപയോഗിക്കാം
കറ്റാര്‍ വാഴ വെളിച്ചെണ്ണയില്‍ കലര്‍ത്തി എണ്ണകാച്ചി ഉപയോഗിക്കാം. അത്തരത്തില്‍ തയ്യാറാക്കിയ എണ്ണ ഉപയോഗിച്ച് പത്തോ പതിനഞ്ചോ മിനുട്ട് മസാജ് ചെയ്ത ശേഷം ചൂടു തൂവാലകൊണ്ട് തലമൂടിയിട്ട് അല്പ സമയത്തിന് ശേഷം തലകഴുകുന്നത് തലമുടിക്ക് നല്കുന്ന മികച്ച പരിചരണങ്ങളിലൊന്നാണ്.
കൂടാതെ ഉലുവ, മുട്ടയുടെ വെള്ള, ചെമ്പരത്തി പൂവ് എന്നിവയുമായൊക്കെ യോജിപ്പിച്ച് ഹെയര്‍ മാസ്ക് ആയി ഉപയോഗിക്കുന്നതും ഫലപ്രദമായ രീതിയാണ്.