‘ഡാവിഞ്ചി ഒരു സ്റ്റേറ്റ് അവാര്‍ഡ് സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, കാരണം കഥാപാത്രത്തോട് കാണിക്കുന്ന ആത്മാര്‍ത്ഥത അത്രയേറെയായിരുന്നു’; ചക്കിട്ടപ്പാറ സ്വദേശിയും സംവിധായകനുമായ ജിന്റോ തോമസിന്റെ കുറിപ്പ് ശ്രദ്ധേയമാവുന്നു


ചക്കിട്ടപ്പാറ: പല്ലൊട്ടി പല്ലൊട്ടി 90സ് കിഡ്സ്‌ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലചിത്ര അവാര്‍ഡ് നേടിയ ഡാവിഞ്ചിയോടൊപ്പമുള്ള ഓര്‍മകള്‍ പങ്കുവച്ച് ചക്കിട്ടപ്പാറ സ്വദേശിയും തിരക്കഥാകൃത്തും അന്തോണി എന്ന സിനിമയുടെ സംവിധായകനുമായ ജിന്റോ തോമസ്. നാടകത്തെയും സിനിമയെയും ഒരേ പോലെ മനസ്സില്‍ കൊണ്ടു നടക്കുന്ന ഡാവിഞ്ചിയെ ആദ്യം കണ്ടു മുട്ടിയതും തുടര്‍ന്ന് ഒപ്പം പ്രവര്‍ത്തിച്ചതുമെല്ലാം സ്‌നേഹപൂര്‍വ്വം വിവരിക്കുന്നു. വളരെ ആത്മാര്‍ത്ഥതയോടെയാണ് ഡാവിഞ്ചി കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളുന്നത്. അതിനാല്‍ തന്നെ ഡാവിഞ്ചി സ്റ്റേറ്റ് അവാര്‍ഡ് സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം കുറിക്കുന്നു.

ജിന്റോ തോമസിന്റെ കുറിപ്പിന്റെ പൂര്‍ണമായും വായിക്കാം

ലോനപ്പന്റെ മാമോദിസ.എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്യുമ്പോഴാണ് ഞാന്‍ ഡാവിഞ്ചി സതീഷ് എന്ന ബാലതാരത്തെയും അവന്റെ അച്ഛനായ സതീഷ് കുന്നോത്തിനെയും പരിചയപ്പെടുന്നത്. നാടകത്തെയും സിനിമയെയും ഒരേപോലെ മനസ്സില്‍ കൊണ്ടുനടക്കുന്ന ഒരു സാധാരണക്കാരായ അപ്പനും മകനും. ലോനപ്പന്റെ മാമോദിസ എന്ന സിനിമയ്ക്ക് ശേഷം വളരെ അവിചാരിതമായി എനിക്ക് കാടകലം എന്ന കഴിഞ്ഞവര്‍ഷത്തെ മികച്ച കുട്ടികളുടെ സിനിമയ്ക്കുള്ള സ്റ്റേറ്റ് അവാര്‍ഡ് നേടിയ സിനിമയുടെ തിരക്കഥാകൃത്തും അസോസിയേറ്റ് ഡയറക്ടറുമായി വര്‍ക്ക് ചെയ്യാന്‍ സാധിച്ചു ഒരു അപ്പന്റെയും മകന്റെയും ആത്മസംഘര്‍ഷങ്ങള്‍ പറയുന്ന ആ സിനിമയില്‍ ഡാവിഞ്ചിയേയും സതീഷേട്ടനെയും വീണ്ടും കണ്ടുമുട്ടി.കൂടുതല്‍ അടുത്തറിയാനും സാധിച്ചു.

കഴിഞ്ഞവര്‍ഷം പ്രതീക്ഷിച്ച മികച്ച ബാലതാരം ഡാവിഞ്ചി സതീഷായിരുന്നു. എന്നാല്‍ ആ പ്രതീക്ഷ എനിക്ക് തെറ്റി പക്ഷേ ഞാന്‍ പ്രതീക്ഷിച്ചിരുന്നു ഡാവിഞ്ചി ഒരു സ്റ്റേറ്റ് അവാര്‍ഡ് സ്വന്തമാക്കുമെന്ന് കാരണം മറ്റൊന്നുമല്ല അവന്‍ ചെയ്യുന്ന കഥാപാത്രത്തോട് കാണിക്കുന്ന ആത്മാര്‍ത്ഥത. ആ പ്രതീക്ഷ തെറ്റിയില്ല അഭിനന്ദനങ്ങള്‍ എന്റെ പ്രിയപ്പെട്ടവനെ.

ഞാന്‍ ആദ്യമായി സംവിധാന കുപ്പായമണിഞ്ഞ അന്തോണി എന്ന ആന്തോളജി സിനിമയില്‍ ഈ അച്ഛനും മകനും വീണ്ടും എനിക്ക് ഒപ്പം ചേര്‍ന്നു. സിനിമയ്ക്കും നാടകത്തിനും വേണ്ടി ഏതു സാഹചര്യത്തെയും പൊരുത്തപ്പെടുന്നവരാണ് ഇവര്‍ ഏല്‍പ്പിക്കുന്ന കഥാപാത്രങ്ങളെ ആത്മാംശം നഷ്ടപ്പെടുത്താതെ ആ കഥാപാത്രങ്ങള്‍ക്ക് ജീവനേകുന്നവരാണ് ഇവര്‍ സിനിമയുടെ താര ജാഡകളോ ഒന്നും തന്നെ ഇല്ലാതെ സാധാരണക്കാരായ ജീവിക്കുന്ന നന്മയുള്ള ഹൃദയത്തിന്‍ ഉടമകള്‍. ഡാവിഞ്ചി സതീഷ് എന്ന ഈ ബാലതാരം പ്രതീക്ഷയാണ് ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ സ്‌നേഹം നിറഞ്ഞ അനുമോദനങ്ങള്‍ പ്രിയപ്പെട്ടവനെ ഉയര്‍ച്ചയില്‍ എത്താന്‍ ഈശ്വരാനുഗ്രഹം എന്നും നിങ്ങളുടെ കൂടെ ഉണ്ടാകട്ടെ..