കൊയിലാണ്ടിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ ഇരട്ടത്തിളക്കം ലഭിച്ചത് ശബ്ദമേഖലയിൽ; പുരസ്കാര ജേതാക്കളായ മൃദുല വാര്യരുടെയും വൈശാഖിന്റെയും വിശേഷങ്ങൾ


കൊയിലാണ്ടി: 2022ലെ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ കൊയിലാണ്ടിയ്ക്ക് ഇരട്ടി സന്തോഷം. മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരവുമായി ചേലിയ സ്വദേശി മൃദുല വാര്യരും സിങ്ക് സൗണ്ടിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരവുമായി പി.വി വൈശാഖുമാണ് കൊയിലാണ്ടിയ്ക്ക് തിളക്കമേകിയത്.

പത്തൊമ്പതാം നൂറ്റാണ്ടിലെ മയില്‍പ്പീലി ഇളകുന്നു കണ്ണാ.. എന്ന മനോഹര ഗാനത്തിലൂടെയാണ് 2022ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള അവാര്‍ഡ് മൃദുല സ്വന്തമാക്കിയത്. സിങ്ക് സൗണ്ടിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരമാണ് കൊയിലാണ്ടി ചീനംപള്ളി പറമ്പില്‍ പി.വി. വൈശാഖിനെ അവാര്‍ഡിലെത്തിച്ചത്.

ഐഡിയ സ്റ്റാര്‍ സിംഗര്‍ വേദിയിലൂടെയാണ് മൃദുല കരിയര്‍ തുടങ്ങുന്നത്. 2007ല്‍ പുറത്തിറങ്ങിയ ഗോള്‍ എന്ന ചിത്രത്തിലെ ഓ മറിയ.. എന്ന ഗാനമാലപിച്ചാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് മൃദുല തുടക്കം കുറിച്ചത്. പിന്നാലെ ചെറുതും വലുതുമായി നിരവധി സിനിമകളില്‍ പാടി. എന്നാല്‍ 2013ല്‍ പുറത്തിറങ്ങിയ കളിമണ്ണിലെ ലാലി ലാലീ…. എന്ന ഗാനത്തിലൂടെ മൃദുല വീണ്ടും പ്രേക്ഷക മനസില്‍ ഇടം പിടിച്ചു. ഗാനത്തിലൂടെ ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക ജൂറി പരാമര്‍ശവും മൃദുലയ്ക്ക് ലഭിച്ചു.

കളിമണ്ണിന് ശേഷം മിലി, എവിടെ, സലാം കാശ്മീര്‍, ഉത്സാഹകമ്മിറ്റി തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു. ഇതിനിടയില്‍ വനിത ഫിലിം അവാര്‍ഡ്, ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് തുടങ്ങി വിവിധങ്ങളായ അവാര്‍ഡുകളും മൃദുലയെ തേടിയെത്തി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും പാടിയിട്ടുണ്ട്.

ആയുര്‍വേദ ഡോക്ടറായ അരുണ്‍ വാര്യരാണ് മൃദുലയുടെ ഭര്‍ത്താവ്. പിവി രാമന്‍കുട്ടി വാര്യര്‍, എംടി വിജയലക്ഷ്മി എന്നിവരാണ് മാതാപിതാക്കള്‍.

ഒട്ടേറെ സിനിമകളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച വൈശാഖിന് ‘അറിയിപ്പ്’ എന്ന സിനിമയിലിലൂടെയാണ് ആദ്യമായി പുരസ്‌കാരം ലഭിച്ചത്. ഡബ്ബിങ്ങില്ലാതെ നേരിട്ട് ശബ്ദംപകര്‍ത്തുന്ന പ്രവര്‍ത്തനം ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നതാണെങ്കിലും സംവിധായകന്‍ മഹേഷ് നാരായണന്റെയും അഭിനേതാക്കളുടെയും സഹകരണം നല്ല രീതിയില്‍ ലഭിച്ചതായ് വൈശാഖ് പറഞ്ഞു.

കൊയിലാണ്ടി സ്വദേശി വാസുവിന്റെയും സരോജിനിയുടെയും മകനാണ്. സിനിമയില്‍ ആനിമേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബവീഷും വിദ്യാര്‍ഥിയായ നിഖിലും സഹോദരങ്ങളാണ്. പത്ത് ദിവസം മുന്‍പാണ് വൈശാഖിന്റെ പിതാവ് അന്തരിച്ചത്.