ചെറുകഥാകൃത്ത് എസ്.സിതാരയുടെ ഭര്‍ത്താവ് ഒ.വി അബ്ദുല്‍ ഫഹീം ഹൃദയാഘാതത്തെത്തുടര്‍ന്ന് ദുബൈയില്‍ അന്തരിച്ചു


ദുബൈ: ചെറുകഥാകൃത്തും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ എസ് സിതാരയുടെ ഭര്‍ത്താവ് ഒ.വി അബ്ദുല്‍ ഫഹീം അന്തരിച്ചു. നാല്‍പ്പത്തെട്ട് വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ദുബൈയില്‍ വച്ചാണ് മരണം സംഭവിച്ചത്. കണ്ണൂര്‍ തലശ്ശേരി സ്വദേശിയാണ്.

ദുബൈയില്‍ അല്‍മറായ് കമ്പനിയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. നേരത്തേ 15 വര്‍ഷത്തോളം ജിദ്ദയില്‍ കൊക്കക്കോള കമ്പനിയില്‍ സെയില്‍സ് മാനേജര്‍ ആയിരുന്നു. ജിദ്ദയില്‍ തലശ്ശേരി ക്രിക്കറ്റ് ഫോറം സ്ഥാപകാംഗവും മുന്‍ പ്രസിഡന്റുമായിരുന്നു.

10 ദിവസം മുമ്പാണ് സിതാരയും മക്കളും ദുബൈയിലെത്തിയത്. രണ്ട് ദിവസത്തിനുള്ളില്‍ ഇവര്‍ മടങ്ങാനിരിക്കെയാണ് ഭര്‍ത്താവിന്റെ മരണം.

ഉപ്പ: ബാറയില്‍ അബൂട്ടി, ഉമ്മ: ഒ.വി സാബിറ, മക്കള്‍: ഗസല്‍, ഐദിന്‍. സഹോദരങ്ങള്‍: ഫര്‍സീന്‍, ഫൈജാസ്, ഖദീജ.

മൃതദേഹം ദുബൈ സിലിക്കണ്‍ ഒയാസിസിലെ ഫഖീഹ് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്.