കോവിഡ്: ഇന്നത്തെ നിയന്ത്രണങ്ങള്‍ ലോക്ക്ഡൗണിന് സമാനം; പുറത്തിറങ്ങിയാല്‍ വാഹനം പിടിച്ചെടുക്കും, കേസെടുക്കും


കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ കടുത്ത നിയന്ത്രണങ്ങള്‍. അത്യാവശ്യമില്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകും. അവശ്യ സര്‍വ്വീസുകള്‍ക്ക് ഇളവുണ്ട്. പുറത്തിറങ്ങുന്നവര്‍ കാരണം വ്യക്തമാക്കുന്ന രേഖ കാണിക്കണം.

അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും.

മരുന്ന്, പഴം, പാല്‍, പച്ചക്കറി, പലവ്യഞ്ജനം, മത്സ്യം, മാംസം എന്നിവയുടെ കടകള്‍ രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെ പ്രവര്‍ത്തിക്കും. ഭക്ഷണശാലകളും ബേക്കറികളും ഇതേസമയത്ത് പാഴ്‌സല്‍, ഹോം ഡെലിവറി മാത്രം.

24 മണിക്കൂര്‍ പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങള്‍ക്കു തടസ്സമില്ല

വിവാഹം, മരണാനന്തരച്ചടങ്ങ് എന്നിവയില്‍ 20 പേര്‍ മാത്രം.

ആശുപത്രികളിലേക്കും വാക്‌സിനേഷനും യാത്ര ചെയ്യാം.

മുന്‍കൂട്ടി ബുക്ക് ചെയ്‌തെങ്കില്‍ ഹോട്ടലുകളിലേക്കും റിസോര്‍ട്ടുകളിലേക്കും പോകാം. സ്റ്റേ വൗച്ചര്‍ കരുതണം.

ഞായറാഴ്ച പ്രവൃത്തിദിനമായ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍, കമ്പനികള്‍, വര്‍ക്ഷോപ്പുകള്‍, മാധ്യമസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതി. ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി സഞ്ചരിക്കാം.

പരീക്ഷകളില്‍ പങ്കെടുക്കാനുള്ളവര്‍ അഡ്മിറ്റ് കാര്‍ഡ് കരുതണം.

ബാറും മദ്യക്കടകളും പ്രവര്‍ത്തിക്കില്ല. കള്ളുഷാപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാം. ദീര്‍ഘദൂര ബസുകളും തീവണ്ടികളും സര്‍വീസ് നടത്തും.

അടിയന്തര സാഹചര്യങ്ങളില്‍ വര്‍ക്ഷോപ്പുകള്‍ തുറക്കാം.