കോഴിക്കോട് കനാല്‍ സിറ്റിയായി മാറുന്നു; കനോലി കനാല്‍ അടിമുടി നവീകരിക്കാന്‍ 1118 കോടിയുടെ പദ്ധതിയ്ക്ക് അംഗീകാരം


കോഴിക്കോട്: ടൂറിസം സാധ്യതകള്‍ ലക്ഷ്യമിട്ട് കോഴിക്കോടിനെ കനാല്‍ സിറ്റിയാക്കി മാറ്റാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. നഗരത്തിലൂടെ കറുത്ത നിറത്തില്‍ ഒഴുകുന്ന കനോലി കനാലിനെ അഴുക്കുകളഞ്ഞ് ഒഴുക്ക് വീണ്ടെടുത്ത് അടിമുടി നവീകരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക സമ്മാനമായാണ് കോഴിക്കോട് കനാല്‍ സിറ്റിവരുന്നത്. കനോലി കനാലിനെ ആധുനിക നിലവാരത്തില്‍ വിനോദ സഞ്ചാരത്തിനും ഗതാഗതത്തിനും ഉപയോഗപ്പെടുംവിധം വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കിഫ്ബി ധനസഹായത്തോടെ 1118 കോടി ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് മുന്‍കൈയെടുത്താണ് പദ്ധതിക്ക് അംഗീകാരം നേടിയെടുത്തത്.

നഗരത്തിന്റെ ചരക്കുഗതാഗതം, നഗരത്തിലെ വെള്ളപ്പൊക്കനിയന്ത്രണം, വിനോദ സഞ്ചാരം എന്നിവക്ക് പ്രത്യേക ഊന്നല്‍ നല്‍കിയുള്ള പരിസ്ഥിതി, സൗഹൃദ കനാല്‍ വികസനമാണ് പദ്ധതിയിലുള്ളത്. കനാലിന്റെ വീതി, ആഴം എന്നിവ വര്‍ധിപ്പിച്ചാണ് ഗതാഗതത്തിന് പര്യാപ്തമാക്കുക. ഇന്റര്‍സെപ്റ്റ് സ്വീവറുകളും ട്രിറ്റ്മെന്റ് സിസ്റ്റവും സ്ഥാപിച്ച് മാലിന്യരഹിതമാക്കാനും പ്രകൃതിക്കിണങ്ങുന്നതരത്തില്‍ കനാല്‍ തീരങ്ങളിലെ സൗന്ദര്യവല്‍ക്കരണവും പദ്ധതിയിലുണ്ട്.

1848ല്‍ മലബാര്‍ ജില്ലാ കലക്ടറായിരുന്ന എച്ച്.വി കനോലി താല്‍പര്യമെടുത്താണ് പുഴകളെയും ജലാശയങ്ങളെയും കൂട്ടിയിണക്കി കോഴിക്കോട് മുതല്‍ കൊടുങ്ങല്ലൂര്‍ വരെ കനാലുകള്‍ നിര്‍മ്മിച്ചത്. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇത് കനോലി കനാലായി മാറി. അക്കാലത്ത് ജലഗതാഗതത്തിന് വ്യാപകമായി ഉപയോഗിച്ചിരുന്ന ഈ കനാല്‍ ക്രമേണ ഉപയോഗശൂന്യമായി. കയ്യേറ്റങ്ങളും മാലിന്യ നിക്ഷേപവും വ്യാപകമായതോടെ കനാലിന്റെ നീരൊഴുക്ക് കുറഞ്ഞു.

ജലപാത വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചിരുന്നു. വെസ്റ്റ് കോസ്റ്റ് കനാല്‍ വികസനം എന്ന പേരില്‍ കേരളത്തിലെ എല്ലാ കനാലുകളും വീണ്ടെടുത്ത് ജലപാത യാഥാര്‍ഥ്യമാക്കുന്ന പ്രവര്‍ത്തനമാണ് നടന്നുവരുന്നത്. തിരുവനന്തപുരം കോവളം മുതല്‍ കാസര്‍കോട് ജില്ലയിലെ ബേക്കല്‍വരെയാണ് ജലപാത വരുന്നത്. ചരക്ക് ഗതാഗതം, വിനോദസഞ്ചാരം എന്നിവയുടെ സാധ്യതകള്‍ വികസിപ്പിക്കാനാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമാണ് കനാല്‍സിറ്റി പദ്ധതി.

കനാല്‍തീരങ്ങളുടെ സൗന്ദര്യവല്‍ക്കരണത്തിലൂടെ പ്രാദേശികമായി തൊഴിലവസരവും പദ്ധതി ലക്ഷ്യമിടുന്നു. ജില്ലയിലെ വെള്ളപ്പൊക്കപ്രശ്‌നങ്ങള്‍ക്ക് ഒരുപരിധിവരെ ഇതിലൂടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.