പയ്യോളി ഇരിങ്ങലില്‍ റോഡരികില്‍ ഹോട്ടല്‍ മാലിന്യം തളളി; അരലക്ഷം രൂപ പിഴ ഈടാക്കി പയ്യോളി നഗരസഭ


പയ്യോളി: ഇരിങ്ങല്‍ മങ്ങുല്‍ പാറയ്ക്ക് സമീപം ഹോട്ടല്‍മാലിന്യം തളളിയതിന് പിഴ ചുമത്തി പയ്യോളി നഗരസഭ. റോഡരികില്‍ ഹോട്ടല്‍ മാലിന്യം തള്ളിയ വടകര എം.ആര്‍.എ റെസ്റ്റോറന്റില്‍ നിന്നും 50,000 രൂപ പിഴ ഈടാക്കി. ഈ മാസം 24ന് പുലര്‍ച്ചെയാണ് സംഭവം. ദുര്‍ഗന്ധം വമിക്കുന്ന നാല് ലോഡ് ഹോട്ടല്‍ മാലിന്യമാണ് റോഡരികില്‍ തള്ളിയത്.

25 ന് രാവിലെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്നും നഗരസഭയില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് നാട്ടുകാരും ആരോഗ്യവിഭാഗവും ചേര്‍ന്ന് അന്വേഷിച്ചപ്പോള്‍ എം.ആര്‍.എ ഹോട്ടലില്‍ നിന്നുളള മാലിന്യമാണെന്ന് കണ്ടെത്തുകയായിരുന്നെന്ന് കൗണ്‍സിലര്‍ അരവിന്ദാക്ഷന്‍.ടി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

തുടര്‍ന്ന് ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ മാലിന്യം തിരിച്ചെടുപ്പിച്ചു. നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ടി. ചന്ദ്രന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.പി പ്രജീഷ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡി.ആര്‍ രജനി, സാനിറ്ററി വര്‍ക്കര്‍ ബാബു ചേനോളി എന്നിവരായിരുന്നു പരിശോധനക്ക് നേത്യത്വം നല്‍കിയത്. മാലിന്യം തള്ളിയ വാഹനം പിടിച്ചെടുക്കാനാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി എം.വിജില പയ്യോളി പൊലീസില്‍ പരാതി നല്‍കി.