കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു; അന്ത്യോപചാരമര്‍പ്പിക്കാന്‍ തലശേരിയിലേക്ക് ജനപ്രവാഹം


കണ്ണൂര്‍: സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു. ചെന്നൈയില്‍ നിന്ന് എയര്‍ ആംബുലന്‍സിലാണ് മൃതദേഹം കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ചത്.

കോടിയേരിയുടെ ഭാര്യ വിനോദിനി മകന്‍ ബിനീഷ് അദ്ദേഹത്തിന്റെ ഭാര്യ റിനീറ്റ എന്നിവര്‍ ചെന്നൈയില്‍ നിന്ന് മൃതദേഹത്തെ അനുഗമിച്ചു.

വിമാനത്താവളത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജന്‍, കെ.കെ.ശൈലജ, സ്പീക്കര്‍ എ.എന്‍.ഷംസീര്‍ എന്നിവരടക്കമുള്ള നേതാക്കള്‍ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്.

ഇവിടെ നിന്ന് വിലാപ യാതയായി തലശ്ശേരിയിലേക്ക് കൊണ്ടുപോകും. തലശ്ശേരിയിലേക്കുള്ള വിലാപ യാത്രയില്‍ 14 കേന്ദ്രങ്ങളില്‍ ജനങ്ങള്‍ അന്തിമോപചാരം അര്‍പ്പിക്കും. രാത്രി പത്ത് വരെ തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.

വന്‍ജനക്കൂട്ടമാണ് കോടിയേരി അവസാനമായി ഒരുനോക്ക് കാണാനം അന്ത്യോപചാരം അര്‍പ്പിക്കാനുമായി തലശ്ശേരിയുടെ വിവിധ ഭാഗങ്ങളില്‍ കാത്തിരിക്കുന്നത്. മട്ടന്നൂര്‍മുതല്‍ തലശേരി വരെ തുറന്ന വാഹനത്തില്‍ വിലാപയാത്രയായാണ് മൃതദേഹം കൊണ്ടുപോകുക. ജനത്തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ജില്ലയില്‍ ഒരുക്കിയിട്ടുള്ളത്.

തലശ്ശേരിയിലെ പൊതുദര്‍ശനത്തിന് ശേഷം രാത്രി പത്ത് മണിയോടെ മൃതദേഹം കോടിയേരി മാടപ്പീടികയിലെ വസതിയിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച രാവിലെപത്ത് മണിവരെ അവിടെ പൊതുദര്‍ശനം ഉണ്ടാകും. 11 മുതല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നാളെ എത്തും. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കണ്ണൂര്‍ പയ്യാമ്പലത്താണ് സംസ്‌കാരം.