കാഴ്ചകള്‍ മനോഹരമാണ്, അതുപോലെ അപകടങ്ങള്‍ക്കും സാധ്യത ഏറെയാണ്: മരണക്കയമായി തുഷാരഗിരി പതങ്കയം മേഖല; രണ്ടാഴ്ചയ്ക്കിടെ ഒഴുക്കില്‍പ്പെട്ടത് രണ്ടുപേര്‍



മുക്കം:
പ്രകൃതി ഭംഗികൊണ്ട് സഞ്ചാരികളുടെ മനംകവരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളാണ് കോഴിക്കോട് ജില്ലയിലെ പതങ്കയവും തുഷാരഗിരിയുമെല്ലാം. എന്നാല്‍ പ്രകൃതി ഭംഗിയുടെ പേരില്‍ പ്രസിദ്ധിയാര്‍ജിക്കുമ്പോഴും അപകടമരണങ്ങളുടെ പേരില്‍ കുപ്രസിദ്ധി നേടിയുണ്ട് ഈ പ്രദേശങ്ങള്‍. രണ്ടാഴ്ചയ്ക്കിടെ രണ്ടുപേരാണ് ഇവിടെ ഒഴുക്കില്‍പ്പെട്ടത്.

ഈസ്റ്റ് മലയമ്മ സ്വദേശി ഹുസ്‌നി മുബാറക്ക് ഒഴുക്കില്‍പ്പെട്ടിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും കണ്ടെത്താനായിട്ടില്ല. അതിനിടെയാണ് കഴിഞ്ഞദിവസം ബേപ്പൂര്‍ സ്വദേശിയായ അമല്‍ ഇവിടെ ഒഴുക്കില്‍പ്പെട്ടത്. അതിസാഹസികതയാണ് പലപ്പോഴും അപകടത്തിന് ഇടവരുത്തുന്നത്. മിനുസമുള്ള പാറക്കൂട്ടത്തിലൂടെ എത്ര ശ്രദ്ധിച്ച് നടന്നാലും കാല്‍വഴുതി വെള്ളത്തില്‍ വീഴാനോ പാറയില്‍ തലയിടിച്ച് വീഴാനോ സാധ്യതയുണ്ട്.

ചാലിപ്പുഴയുടെ കൈവഴിയാണ് ഇരുവഴിഞ്ഞിപ്പുഴ. ആനക്കാംപൊയിലിനും പുല്ലൂരാംപാറയ്ക്കും ഇടയിലുള്ള ഭാഗം കയങ്ങള്‍ നിറഞ്ഞതാണ്. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ പുഴയില്‍ അടിത്തട്ടിലെ അവസ്ഥ അറിയാതെ ഇറങ്ങുന്ന സഞ്ചാരികള്‍ കല്ലിനിടയില്‍ കാല്‍ കുടുങ്ങി അപകടത്തില്‍പ്പെടാനുള്ള സാധ്യത ഏറെയാണ്.

നീന്തല്‍ വശമുണ്ടെങ്കില്‍ പോലും കയങ്ങളില്‍ കുടുങ്ങുന്നവരില്‍ പലര്‍ക്കും ജീവനോടെ കരകയറാന്‍ സാധിക്കാറില്ല. ചെങ്കുത്തായ മലമടക്കുകളിലൂടെ കുതിച്ചെത്തുന്ന മലവള്ളപ്പാച്ചിലും അപകടത്തിനിടയാക്കും. മേഖലയില്‍ കാലാവസ്ഥ പ്രസന്നമാകുമ്പോഴും പുഴയുടെ പ്രഭവ ഭാഗത്തെ വനമേഖലയില്‍ കനത്ത മഴ പെയ്യുന്നുണ്ടെങ്കില്‍ അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലിന് കാരണമാകും.