കര്‍ക്കിടകം വന്നെത്തുന്നു; അറിഞ്ഞിരിക്കാം കര്‍ക്കിടകത്തിലെ ചില ഭക്ഷണക്രമങ്ങളും ആരോഗ്യ പരിപാലനവും
കര്‍ക്കിടകമാസം പഴമക്കാര്‍ ആരോഗ്യ പരിപാലനത്തിനായ് മാറ്റിവച്ച മാസമായിരുന്നു. കര്‍ക്കിടകത്തെ പഞ്ഞമാസം എന്നായിരുന്നു അവർ വിശേഷിപ്പിച്ചിരുന്നത്. വറുതിയുടെ മാസമായിരുന്നു പണ്ടിത്. പത്തായം ഒഴിയുന്ന, പാടത്ത് പണിയാനാകാത്ത കാലം. അസുഖങ്ങള്‍ കൊണ്ടു വരുന്ന മാസമായതു കൊണ്ടും പാടത്തും പറമ്പിലുമുള്ള അധ്വാനം മഴ തടസപ്പെടുത്തുന്നതു കൊണ്ടും ആ മാസം ആരോഗ്യ ചിട്ടകള്‍ക്ക് മാറ്റി വച്ചിരുന്നു പഴയ തലമുറ.
ശരീരത്തിന് പ്രതിരോധശേഷി കുറയുന്നതിനാല്‍ തന്നെ അസുഖ സാധ്യത കൂടുന്നു. ഇതിനെ ചെറുക്കാന്‍ഭക്ഷണ ചിട്ടകള്‍ പ്രധാനമാണെന്ന് കരുതുന്ന കാലം കൂടിയായിരുന്നു ഇത്. ഇന്നത്തെ കാലത്ത് ഇത്തരം ചിട്ടകളില്‍ മാറ്റം വന്നിട്ടുണ്ടെങ്കില്‍ പോലും ആരോഗ്യ ചിട്ടകള്‍ കൃത്യമായി പാലിയ്ക്കാന്‍ കഴിയുന്ന സമയമാണിത്. ഈ സമയത്ത് കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ക്ക്, കഴിയ്ക്കുന്ന രീതികള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. കഴിയ്ക്കേണ്ടതും ഒഴിവാക്കേണ്ടതുമായവയുണ്ട്.
കര്‍ക്കിടകം
ദഹന ശക്തി പൊതുവേ കുറഞ്ഞ മാസമാണ് കര്‍ക്കിടകം. ഇതിനാല്‍ തന്നെ മത്സ്യ, മാംസാദികള്‍ വേണ്ടെന്ന് വയ്ക്കുന്നതാണ് ഗുണകരമെന്ന് പറയാം. വയറിന് അസുഖങ്ങള്‍ വരുന്നത് തടയാന്‍ ഇത് അത്യാവശ്യവുമാണ്. വയറിന് സുഖം നല്കുന്ന, പെട്ടെന്ന് ദഹിയ്ക്കുന്ന തരം ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഇതു തന്നെ നല്ലതു പോലെ ചവച്ചരച്ച് കഴിയ്ക്കാം. സമയാസമയം ഭക്ഷണം കഴിയ്ക്കുന്നത് പോലെ അമിത ഭക്ഷണം ഒഴിവാക്കുക. ചൂടോടെ ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. പഴകിയത് പൂര്‍ണമായും ഒഴിവാക്കുക തന്നെ ചെയ്യണം.
കര്‍ക്കിടകത്തില്‍ കഞ്ഞി
കര്‍ക്കിടകത്തില്‍ കഞ്ഞി പ്രധാനമാണ്. പണ്ടു കാലത്ത് അത്താഴ ശീലം വരെ കഞ്ഞിയായിരുന്നു. കര്‍ക്കിടകത്തില്‍ ഇത് ഔഷധക്കഞ്ഞി എന്ന ചിട്ടയിലേക്കു മാറുന്നു. ഉലുവ മരുന്ന്, നവധാധ്യം, ഉലുവക്കഞ്ഞി എന്നിവയെല്ലാം ഉപയോഗിയ്ക്കാം. ഉലുവക്കഞ്ഞിയ്ക്കു പുറമെ ജീരകക്കഞ്ഞി, കഞ്ഞിയും ചെറുപയറും എന്നിവയെല്ലാം ഏറെ ഗുണകരമാണ്. പൊടിയരിക്കഞ്ഞിയും ഏറെ നല്ലതാണ്. മരുന്നു കഞ്ഞി കുടിയ്ക്കുമ്പോള്‍ പഥ്യം പാലിയ്ക്കേണ്ടതും അത്യാവശ്യമാണ്. എന്നാലേ പൂര്‍ണ ഗുണം ലഭിയ്ക്കൂ. ഇന്നത്തെ കാലത്ത് ഔഷധകഞ്ഞിക്കിറ്റുകള്‍ ലഭ്യവുമാണ്.
പത്തിലക്കറി
പണ്ടു കാലത്ത് നാം പറഞ്ഞ് കേള്‍ക്കാറുണ്ട്, പത്തിലക്കറിയെന്നത്. പത്ത് ഔഷധ ഗുണമുള്ള ഇലകള്‍ കൊണ്ടുണ്ടാക്കുന്ന കറികള്‍ കഴിയ്ക്കുന്നത് ഏറെ ആരോഗ്യ ഗുണം നല്കുന്ന ഒന്നാണ്. കുമ്പളനില, ചെറുചീരയില, താള്, തകരയില, പയറില, എരുമത്തൂവയില, ചെറുകടലാടി ഇല, മത്തനില, തഴുതാമയില, തൊഴുകണ്ണിയില എന്നിവ ചേര്‍ത്തുണ്ടാക്കുന്ന വിഭവമാണ് പത്തിലക്കറി. ഈ ഇലകള്‍ക്ക് പകരം മറ്റ് ചില ഇലകള്‍ ചിലയിടത്ത് ഉപയോഗിച്ചു വരുന്നു. ശരീരത്തിന് പ്രതിരോധം നല്‍കാനും ആരോഗ്യത്തിനും ഇതേറെ ഗുണം നല്കുന്നു.ചവര്‍പ്പ്, എരിവ്, കയ്പ് തുടങ്ങിയവ കുറയ്ക്കുക. ഇത്തരം രുചികള്‍ വാത പ്രകൃതി വര്‍ദ്ധിപ്പിയ്ക്കും.
കഞ്ഞിയും പുഴുക്കും
പയര്‍ വര്‍ഗങ്ങള്‍ കര്‍ക്കിടകത്തില്‍ പ്രധാനമാണ്. ഇവ മുളപ്പിച്ചു കഴിയ്ക്കുന്നത് ദഹനം എളുപ്പമാക്കും. പ്രത്യേകിച്ചും മുതിര . മുതിര കൊണ്ടു രസം തയ്യാറാക്കാം. മുതിര വറുത്തു പരിപ്പാക്കി വെള്ളത്തിലിട്ടു വേവിച്ചുടച്ച് ഇതില്‍ നാരങ്ങാനീരും കുരുമുളുകു പൊടിയും ചേര്‍ത്തു കഴിയ്ക്കാം. ചെറുപയര്‍, കടല തുടങ്ങിയവയെല്ലാം ഇതേ രീതിയില്‍ ഉപയോഗിയ്ക്കാം. കഞ്ഞിയും പുഴുക്കും, അല്ലെങ്കില്‍ കഞ്ഞിയും പയറുമെല്ലാം തന്നെ ഗുണകരമാണ്. ഇതിന് പുറമേ ഉലുവാ കൊണ്ടുണ്ടാകുന്ന മരുന്നുണ്ട പോലുള്ളവ ഏറെ നല്ലതാണ്.