കരിപ്പൂരില്‍ രണ്ട് കോടിയുടെ സ്വര്‍ണ വേട്ട; കൂടരഞ്ഞി സ്വദേശിയുള്‍പ്പെടെ നാല് പേര്‍ പിടിയില്‍


[top]

മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും രണ്ട് കോടിയോളം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി. നാല് പേരില്‍ നിന്നായി മൂന്നര കിലോ സ്വര്‍ണമാണ് പിടികൂടിയത്. ശരീരത്തിനുള്ളിലും ഹാന്‍ഡ് ബാഗേജിനുള്ളിലും സോക്‌സിനുള്ളിമായി കടത്തിയ സ്വര്‍ണമാണ് പിടികൂടിയത്.

ജിദ്ദയില്‍ നിന്ന് വന്ന മലപ്പുറം സ്വദേശിയായ റഹ്‌മാനില്‍ (43) നിന്ന് 1107 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്‌സുളുകളും മലപ്പുറം കരുളായി സ്വദേശി മുഹമ്മദ് ഉവൈസില്‍ (30) നിന്ന് സ്വര്‍ണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്‌സുലുകളുമാണ് പിടികൂടിയത്. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റീസ് ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു.

എയര്‍ അറേബ്യ വിമാനത്തില്‍ അബുദാബിയില്‍ നിന്നെത്തിയ കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ ഉണ്ണിച്ചല്‍ മേത്തല്‍ വിജിത്തില്‍ (29) നിന്ന് 1061 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്‌സുളുകളും ഉദ്യോഗസ്ഥര്‍ പിടികൂടിശരീരത്തിനുള്ളിലും സോക്‌സിനുള്ളിലുമായാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

സ്പൈസ് ജെറ്റ് വിമാനത്തില്‍ ദുബായില്‍ നിന്ന് വന്ന മലപ്പുറം ഒഴുകൂര്‍ സ്വദേശി ഒസ്സാന്‍കുന്നത്ത് ഷഫീഖില്‍ (27) നിന്ന് ഹാന്‍ഡ് ബാഗേജിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 901 ഗ്രാം സ്വര്‍ണ്ണമിശ്രിതമടങ്ങിയ ദീര്‍ഘ ചതുരാകൃതിയിലുള്ള രണ്ടു പാക്കറ്റുകളാണ് കണ്ടെടുത്തത്. ആകെ 4122 ഗ്രാം സ്വര്‍ണ്ണമിശ്രിതമാണ് എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നാല് കേസുകളിലായി പിടികൂടിയത്.