എംബിഎ ട്രാവൽ ആൻഡ് ടൂറിസം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (27/03/23) അറിയിപ്പുകൾ
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം
അപേക്ഷ ക്ഷണിച്ചു
ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം ബി എ ട്രാവൽ ആൻഡ് ടൂറിസം 2023 – 25 ബാച്ചിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ അമ്പത് ശതമാനം മാർക്കോട് കൂടിയ ഡിഗ്രിയും KMAT/CMAT/CAT യോഗ്യത ഉള്ളവർക്കും അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : www.kittsedu.org, 9847273135 / 9446529467 / 0471 – 2327707
അറിയിപ്പ്
വാട്ടർ അതോറിറ്റിയുടെ കോഴിക്കോട് ഡിവിഷനു കീഴിലുള്ള ഉപഭോക്താക്കൾ മാർച്ച് 31നു മുൻപായി മുഴുവൻ കുടിശ്ശികയും അടച്ച് തീർപ്പാക്കണം. വാട്ടർ ചാർജ് കുടിശ്ശിക വീഴ്ച വരുത്തുകയോ കേടായ മീറ്റർ പുനഃസ്ഥാപിക്കാത്തതോ ആയ മുഴുവൻ കണക്ഷനുകളും ഇനിയൊരു മുന്നറിയിപ്പില്ലാതെ വിച്ഛേദിക്കുന്നതായിരിക്കുമെന് ന് എക്സിക്യൂട്ടീവ് എൻഞ്ചിനീയർ അറിയിച്ചു.
കോരപ്പുഴയിൽ ഡിസില്‍റ്റ് പ്രവൃത്തി വേഗത്തില്‍ പൂർത്തിയാക്കും
കോരപ്പുഴയിൽ എക്കൽ മണ്ണുകൾ നീക്കം ചെയ്യുന്ന ഡിസില്‍റ്റ് പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനം. വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
റിംഗ് ബണ്ട് നിര്‍മ്മാണം ഉള്‍പ്പെടെ നിര്‍ദേശിച്ച പ്രവൃത്തികള്‍ എത്രയും വേഗം പൂർത്തിയാക്കണമെന്ന് കരാറുകാരന് നിര്‍ദ്ദേശം നല്‍കി. ഇതുവരെയുള്ള പ്രവൃത്തിയുടെ അളവ് നിശ്ചയിക്കുന്നതിനായി ഹൈഡ്രോ ഗ്രാഫിക് സര്‍വേ നടത്തുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിനും നിര്‍ദ്ദേശം നല്‍കി. വെള്ളിയാഴ്ചക്കകം പ്രവൃത്തികള്‍ തുടങ്ങണം. കാലവര്‍ഷത്തിന് മുൻപ് പുഴയില്‍ അടിഞ്ഞു കൂടിയ എക്കല്‍ വേഗത്തില്‍ നീക്കം ചെയ്യാനും യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. കാനത്തിൽ ജമീല എം എൽ എ സന്നിഹിതയായിരുന്നു.
യോഗത്തിൽ ജില്ലാ കലക്ടര്‍ എ. ഗീത അധ്യക്ഷത വഹിച്ചു. ഇറിഗേഷന്‍ നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ബാലകൃഷ്ണന്‍ എം, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാലു സുധാകരന്‍, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ ഫൈസല്‍ കെ, അസിസ്റ്റന്റ് എഞ്ചിനീയര്‍ സരിന്‍ പി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുധീര്‍ കൃഷ്ണന്‍ ബി.കെ, കരാർ കമ്പനി പ്രതിനിധി, കോരപ്പുഴ സംയുക്ത സംരക്ഷണ സമിതി പ്രതിനിധി, തുടങ്ങിയവർ പങ്കെടുത്തു.
അഞ്ചുമുറി – കാഞ്ഞിരാട്ട് താഴെ റോഡ് പ്രവൃത്തിക്ക് തുടക്കമായി
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിര്‍മ്മിക്കുന്ന തിരുവള്ളൂർ പഞ്ചായത്തിലെ അഞ്ചുമുറി-കാഞ്ഞിരാട്ട് താഴെ റോഡിന്റെ പ്രവൃത്തിക്ക് തുടക്കമായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി റീന അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി സുരേന്ദ്രന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.പി വിശ്വനാഥന്‍, വാര്‍ഡ് മെമ്പര്‍ ഗോപീനാരായണന്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പി.എം ബാലന്‍, കെ സോമന്‍, ദിവാകരന്‍ നമ്പ്യാര്‍, അമ്മദ് ഹാജി ആച്ചേരി, കെ.സി കുഞ്ഞബ്ദുല്ല, മൊയ്തു കാഞ്ഞിരാട്ട് എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.പി ദുല്‍ഖിഫില്‍ സ്വാഗതവും കണ്‍വീനര്‍ കെ റഫീഖ് നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ 25 ലക്ഷം രൂപയാണ് റോഡ് പ്രവൃത്തിക്ക് അനുവദിച്ചത്.
ബാലുശ്ശേരി മണ്ഡലത്തിൽ മഞ്ഞൾകൃഷി: ശില്പശാല സംഘടിപ്പിച്ചു
ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ മഞ്ഞൾകൃഷി പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ശില്പശാല സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത അധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ 160 വാർഡുകളിലും മഞ്ഞൾകൃഷി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കോഴിക്കോട് അടക്ക സുഗന്ധ വിള വികസന ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് ശിൽപശാല സംഘടിപ്പിച്ചത്. മഞ്ഞൾ കൃഷിയും കീടനിയന്ത്രണവും എന്ന വിഷയത്തിൽ ഭാരതീയ സുഗന്ധവിള വികസന ഡയറക്ട്രേറ്റ് പ്രിൻസിപ്പൽ സയിന്റിസ്റ്റ് ഡോ.സി.കെ തങ്കമണി ക്ലാസെടുത്തു.
തുടക്കത്തിൽ ഒരു വാർഡിൽ ഒരു ഏക്കർ ഭൂമിയിൽ കൃഷി ചെയ്യുകയാണ് ലക്ഷ്യം. രണ്ട് പഞ്ചായത്തുകളിലാണ് കൃഷി ആരംഭിക്കുക. ഔഷധ ഗുണം ഏറെയുള്ള മഞ്ഞളിന്റെ ഉത്പാദനം വർധിപ്പിക്കുന്നതോടൊപ്പം മൂല്യ വര്‍ധിത ഉൽപ്പന്നങ്ങളുടെ ഉത്പാദനവും വിപണനവും ലക്ഷ്യം വെക്കുന്നു. ബാലുശ്ശേരി മണ്ഡലം വികസന സെമിനാറിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ മണ്ഡലത്തിൽ ഒരു പ്രധാന വിള തെരെഞ്ഞെടുക്കാനും എല്ലാ വാർഡുകളിലും പ്രസ്തുത വിളകൾ കൃഷി ചെയ്യുന്നതിനും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളാക്കി വിപണനം നടത്തുന്നതിനും നിർദ്ദേശം വന്നതിന്റെ അടിസ്ഥാനത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 160 വാർഡുകളിൽ നിന്നായി 200 പേർ പരിപാടിയിൽ പങ്കെടുത്തു.
ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമോദരൻ മാസ്റ്റർ, അടക്ക സുഗന്ധ വിള വികസന ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഡോ.ദിവ്യ തുടങ്ങിയവർ പങ്കെടുത്തു. സമയബന്ധിതമായ പദ്ധതി നിർവ്വഹണത്തെക്കുറിച്ച് മണ്ഡലം കാർഷികസമിതി പ്രതിനിധി ശശി കോലോത്ത് വിശദീകരിച്ചു. ബാലുശ്ശേരി മണ്ഡലം വികസനസമിതി കൺവീനർ ഇസ്മയിൽ കുറുമ്പൊയിൽ സ്വാഗതവും ബാലുശ്ശേരി എ.ഡി.എ മുഹമ്മദ് ഫൈസൽ നന്ദിയും പറഞ്ഞു.
വനിതാ ദിനം: രചനാ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു
അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കഥ- കവിത രചനാ മത്സരത്തിന്റെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സിവിൽ സ്റ്റേഷനിലെ താലൂക്ക് കോൺഫറൻസ് ഹാളിൽ ഡി ഡി സി എം.എസ് മാധവിക്കുട്ടി സമ്മാനദാനം നിർവഹിച്ചു. ജില്ലാ വനിതാ ശിശുവികസന വകുപ്പ് ഓഫീസർ സബീന ബീഗം അധ്യക്ഷത വഹിച്ചു.
കഥാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ബീന കെ.കെ വടക്കേടത്ത് തന്റെ കഥ വേദിയിൽ അവതരിപ്പിച്ചു. കഥാ രചനയിലെ മറ്റ് വിജയികളായ അശ്വതി ബി, അനൂപ എൻ.പി വിനീത, ദീപ്തി വി.കെ, ഉഷാറാണി, അഞ്ചു എ, ലിബ ബിജു എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി.
കവിത രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എൻ.പി വിനീതയും കവിത വേദിയിൽ അവതരിപ്പിച്ചു. ഹിൽന കെ ,അശ്വതി ബി, ബീന കെ.കെ വടക്കേടത്ത്, രജനി പി, ബിജിത ചള്ളിയിൽ, അഞ്ചു എ , റജീന പുറക്കാട്ട് എന്നിവരും സമ്മാനങ്ങൾ ഏറ്റുവാങ്ങി.
വനിതാശിശു വികസന വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ ” സ്ത്രീ ജീവിതം” എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു രചനാ മത്സരം സംഘടിപ്പിച്ചത്. ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ദീപ കെ സ്വാഗതവും അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ സൗമ്യ മത്തായി നന്ദിയും പറഞ്ഞു.
മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ -അവലോകന യോഗം ചേര്‍ന്നു
ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ എ.ഗീതയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. കാലവര്‍ഷ മുന്നൊരുക്കങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കണമെന്നും മഴക്കാലപൂര്‍വ്വ ശുചീകരണം ഉള്‍പ്പെടെയുള്ള തയ്യാറെടുപ്പുകള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും കലക്ടര്‍ പറഞ്ഞു.
തോടുകള്‍, ജല സ്രോതസ്സുകള്‍ എന്നിവയുടെ നീരൊഴുക്കിനെ തടസപ്പെടുത്തുന്നവ നീക്കം ചെയ്യണം. കാറ്റില്‍ വീഴാന്‍ സാധ്യതയുള്ള മരങ്ങളുടെ ശിഖരങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യണം. വീഴാറായി നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ കണ്ടെത്തി പുനഃസ്ഥാപിക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങളും കലക്ടര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.
കഴിഞ്ഞ വര്‍ഷങ്ങളിലെ അനുഭവ പരിചയങ്ങളില്‍ നിന്നുകൊണ്ട് തദ്ദേശസ്ഥാപനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ കാര്യത്തിലും മറ്റ് കാലവര്‍ഷ മുന്നൊരുക്ക പ്രവര്‍ത്തനത്തിലും ജാഗ്രത പുലര്‍ത്തണം. കിണറുകളുടെ ക്ലോറിനേഷന്‍ ഉറപ്പാക്കുകയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും അടിയന്തരമായി സ്വീകരിക്കുകയും വേണം. മുഴുവന്‍ ഓടകളും വൃത്തിയാക്കി എന്ന് ഉറപ്പാക്കണം. മലിനമായിക്കിടക്കുന്ന നീര്‍ച്ചാലുകള്‍, തോടുകള്‍, കുളങ്ങള്‍ എന്നിവയുടെ വൃത്തിയാക്കല്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഡി ഡി സി എം.എസ് മാധവിക്കുട്ടി, സബ് കലക്ടര്‍ വി ചെല്‍സാസിനി, ഡെപ്യൂട്ടി കലക്ടര്‍ ഇ.അനിത കുമാരി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.