ഇന്ന് കലാശപ്പോര്; വടക്കൻ പാട്ടിന്റെയും കളരിപ്പയത്തിന്റെയും നാടിന് കലയുടെ പകലിരവുകൾ സമ്മാനിച്ച ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം
വടകര: റവന്യൂ ജില്ലാ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും. വ്യാഴാഴ്ച വൈകുന്നേരത്തോടെ അഞ്ചു നാൾ നീണ്ട കലാവിരുന്നിന് സമാപനം ആവും .
നാലാം ദിനം കൂടുതൽ വേദികളിലും നിറഞ്ഞത് ജനപ്രിയ നൃത്ത ഇനങ്ങളും മാപ്പിള കലകളുമായിരുന്നു. കലാമേള ജനം ഒന്നായി ഏറ്റെടുത്ത അനുഭവമായിരുന്നു നഗരിയിൽ . നൃത്ത വേദികൾ എല്ലാം നിറഞ്ഞു കവിഞ്ഞപ്പോൾ തുടർച്ചയായ നാലാം ദിനവും നാടകവേദി ആസ്വാദകരുടെ തിരക്കിലമർന്നു. നാടകം കാണാനായി ടൗൺ ഹാളിലേക്ക് സമീപപ്രദേശങ്ങളിൽ നിന്നും ടൗണിൽ നിന്നും കാണികൾ ഒഴുകി എത്തുകയായിരുന്നു.
ജില്ലയിലെ പ്രധാന വിദ്യാലയങ്ങളിൽ നിന്നും കുട്ടികളും അധ്യാപകരും എല്ലാം എത്തിയപ്പോൾ വടകരയുടെ പ്രധാന വേദികളും ഇടവഴികളും ജനസഞ്ചയമായി.
കോവിഡ് കാലത്തിനു ശേഷം നാടുണർത്തി നടക്കുന്ന ഉത്സവത്തെ ഒരേ മനസ്സോടെയാണ് വടകര ഹൃദയത്തിലേറ്റിയത്. മുന്നിൽ നിന്ന് നയിക്കുന്ന ജനപ്രതിനിധികളും പൊതുപ്രവർത്തകരും, ജില്ലാ ഭരണകൂടവും, ഉദ്യോഗസ്ഥരും കലാസ്വാദകരും ഒക്കെ ചേർന്ന് യുവജനോത്സവത്തെ കടത്തനാടിന്റെ ജനകീയ ഉത്സവമാക്കി മാറ്റുകയായിരുന്നു.