കൊയിലാണ്ടി ബാറില്‍ മദ്യപിച്ച് ബഹളം വച്ച് യുവാക്കള്‍; അന്വേഷിക്കാനെത്തിയ പോലീസുകാര്‍ക്ക് നേരെ അക്രമണം, എ.എസ്.ഐക്ക് പരിക്ക്‌


കൊയിലാണ്ടി: പാര്‍ക്ക് റെസിഡന്‍സി ബാറില്‍ മദ്യപിച്ച് ബഹളം വച്ചത് അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ അക്രമം. ഞായറാഴ്ച രാത്രി 8.30ഓടയൊണ് സംഭവം. ബാറില്‍ പതിനഞ്ച് പേരോളം അടങ്ങുന്ന സംഘം മദ്യപിച്ച് ബഹളം വച്ചതിനെ തുടര്‍ന്ന് അന്വേഷിക്കാനെത്തിയ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്‌.

എ.എസ്.ഐ അബ്ദുള്‍ റക്കീബ്, എസിപിഒ നിഖില്‍, സിപിഒ പ്രവീണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആനക്കുളം സ്വദേശികളായ മിലിട്ടറി ഉദ്യോഗസ്ഥന്‍ ആനന്ദ് ബാബു, സഹോദരന്‍ അശ്വിന്‍ ബാബു, മനുലാല്‍, വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് അക്രമണം നടത്തിയയതെന്ന് എ.എസ്.ഐ അബ്ദുള്‍ റക്കീബ് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥര്‍ എത്തിയിട്ടും ബഹളം തുടര്‍ന്ന സംഘത്തെ ബാറിന് പുറത്താക്കി ഗേറ്റ് അടക്കുന്നതിനിടെയാണ് സംഭവം. അക്രമണത്തില്‍ എ.എസ്.ഐ റഖീബിന്റെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമിസംഘം ശക്തമായി ഗേറ്റ് തള്ളിയപ്പോള്‍ വലത് കൈയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നുവെന്ന്‌ എ.എസ്.ഐ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സി.ഐയെ അക്രമിസംഘം പിടിച്ചു തള്ളുകയും ചെയ്തു. ഗേറ്റിന് പുറത്താക്കിയതോടെ പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച നാല് പേര്‍ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആനന്ദ് ബാബു, സഹോദരന്‍ അശ്വിന്‍ ബാബു, മനുലാല്‍, വിഷ്ണു എന്നിവര്‍ക്കെതിരെ കേസെടുത്തതായി സി.ഐ ശ്രീലാല്‍ ചന്ദ്ര ശേഖരന്‍ പറഞ്ഞു. പരിക്കേറ്റ ഉദ്യോഗസ്ഥര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Description: Youths make noise in Koyilandy Bar; Attack on policemen who came to investigate