വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്‍കും, പകരം മൊബൈല്‍ മോഷ്ടിച്ചുനല്‍കാന്‍ പ്രേരിപ്പിക്കും; പയ്യോളിയിലെ പെട്രോള്‍ പമ്പിലടക്കം നിരവധി മോഷണക്കേസുകളില്‍ പ്രതിയായ യുവാക്കള്‍ പിടിയില്‍
പയ്യോളി: തിക്കോടിയിലെ പെട്രോള്‍ പമ്പില്‍ കയറി പണം കവര്‍ന്ന സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ചെട്ടിപ്പടി പൊക്ലിയന്റെ പുരക്കല്‍ വീട്ടില്‍ റസല്‍ ജാസി, പരപ്പനങ്ങാടി ചെട്ടിപ്പടി കുറ്റ്യാടി വീട്ടില്‍ ആഖിബ് ആഷിഖ് എന്നിവരാണ് പിടിയിലായത്. കേരളത്തിലെ പത്തുജില്ലകളിലായി നിരവധി ബൈക്ക് മോഷണക്കേസിലും പെട്രോള്‍ പമ്പ് കേന്ദ്രീകരിച്ചുള്ള കവര്‍ച്ചയിലും വഴിയോര കച്ചവടങ്ങള്‍ കവര്‍ച്ച ചെയ്ത കേസുകളിലും പ്രതിയാണിവര്‍. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടി ഭാഗത്തുനിന്നും പന്നിയങ്കര പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്ത സമയം ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് അക്രമാസക്തരായ പ്രതികള്‍ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പന്നിയങ്കര പോലീസ് ബല പ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പന്നിയങ്കര പോലീസ് സ്റ്റേഷന്‍ 2025 ഫെബ്രവരി മാസം രജിസ്റ്റര്‍ ചെയ്ത ബൈക്ക് മൊഷണ കേസിന്റെ ഇവര്‍ പിടിയിലായത്. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിലെ പെട്രാള്‍ പമ്പില്‍ മോഷണം നടത്തി മോഷണ ബൈക്കും മുതലുകളുമായി വരുന്ന വഴിയിലാണ് പൊലീസ് പിടിയിലാവുന്നത്.
ഫെബ്രുവരി പതിനാറിന് പുലര്‍ച്ചെ ഒരുമണിക്ക് കല്ലായ് റെയില്‍വെ സ്റ്റേഷനിലെ സിഗ്‌നല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരന്റെ റെയില്‍വെ സ്റ്റേഷന്‍ സ്റ്റാഫ് പാര്‍ക്കിംഗ് ഏരിയയില്‍ സൂക്ഷിച്ചിരുന്ന പള്‍സര്‍ ബൈക്ക് മോഷ്ടിച്ചതും ഇവരാണ്. തുടര്‍ന്ന് വടകര ഭാഗത്തേക്ക് ഓടിച്ചു പോവുകയും പോകുന്ന വഴിയില്‍ കൊയിലാണ്ടി ഭാഗത്തെ ഒരു ഗോഡൗണിനു സമീപം സൂക്ഷിച്ചിരുന്ന ബൈക്കിലെ ഹെല്‍മെറ്റ് മോഷ്ടിച്ചു. അതിനു ശേഷം സമീപത്തുള്ള പെട്രോള്‍ പമ്പില്‍ കയറി പെട്രോളടിച്ച് പൈസ കൊടുക്കാതെ കടന്നു കളയുകയും പുലര്‍ച്ചെ പയ്യോളി സ്റ്റേഷന്‍ പരിധിയിലെ പെട്രോള്‍ പമ്പില്‍ കയറി 8000 രൂപ കവരുകയുമായിരുന്നു. തുടര്‍ന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് രക്ഷപ്പെട്ടു.
മോഷണം നടത്തിയ ബൈക്ക് മലപ്പുറം കുളത്തൂര്‍ ചന്തപ്പറമ്പ് സ്വദേശിക്ക് വില്‍പ്പന നടത്തുകയാണ് ചെയ്തത്. അതിനുശേഷം ഫെബ്രുവരി 18ന് പ്രതികള്‍ എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷന്‍ പരിസരത്തു നിന്നും എളമക്കര സ്വദേശിയായ ഒരു യുവാവിന്റെ ചുവന്ന പള്‍സര്‍ ബെക്ക് മോഷ്ടിച്ചു. വടക്കാഞ്ചേരിക്ക് സമീപമുള്ള പന്തലം പാടം ഹൈവേ സൈഡിലുള്ള പെട്രോള്‍ പമ്പില്‍ ഫെബ്രുവരി 19ന് പുലര്‍ച്ചെ മോഷണം നടത്തി. പമ്പിലെ മെഷീന്റെ സൈഡില്‍ ബാഗ് വെച്ച് ഉറങ്ങാനായി കിടന്ന സെയില്‍സ്മാന്റെ ബാഗിലുണ്ടായിരുന്ന 48000രൂപയാണ് കവര്‍ന്നത്. ഇതുമായി വരുംവഴിയാണ് പൊലീസ് പിടിയിലായത്.
ബെക്കിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റി വ്യാജ നമ്പര്‍ പ്ലേറ്റ് സ്ഥാപിക്കുകയായിരുന്നു. വടക്കാഞ്ചേരിയില്‍ മോഷണം പോയ ബൈക്കാണിതെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ടി.നാരായണന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്ന് പ്രതികളെ വടക്കാഞ്ചരി നിന്നു കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്തതില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
പന്നിയങ്കര പോലീസ് നടത്തിയ അന്വേഷണത്തില്‍ നിന്നും പ്രതികള്‍ക്ക് 10 ജില്ലകളിലായി 20 ഓളം കേസ്സ് നിലവിലുള്ളതായി അന്വേഷണ സംഘത്തിനു നേതൃത്വം കൊടുത്ത ഫറോക് അസിസ്റ്റന്റ് കമ്മീഷണര്‍ എ.എം.സിദ്ദിഖ് അറിയിച്ചു. പ്രതികള്‍ സ്ഥിരമായി സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് നലല്‍കുകയും അതിനു പകരമായി മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചുനല്‍കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. അങ്ങനെ മോഷ്ടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍ തിരൂര്‍ ബസ്റ്റാന്റ് പരിസരത്തുള്ള മൊബൈല്‍ ഷോപ്പുകളില്‍ വില്‍പ്പന നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
പന്നിയങ്കര ഇന്‍സ്‌പെക്ടര്‍ എസ്.സതീഷ് കുമാര്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ കിരണ്‍ ശശിധരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ വിജേഷ്, ദിലീപ്, ബിനോയ് വിശ്വം എന്നിവരായിരുന്നു പ്രതികളെ പിടിച്ച അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്റ് ചെയ്തു.