വാടകവീട് കേന്ദ്രീകരിച്ച് രണ്ട് വര്‍ഷത്തോളമായി ലഹരി വില്പന; കുന്ദമംഗലത്ത് 50 കുപ്പി പോണ്ടിച്ചേരി വിദേശമദ്യവും ആറായിരത്തോളം പാക്കറ്റ് ഹാന്‍സുകളുമായി യുവാവ് പിടിയില്‍


കുന്ദമംഗലം: വിദേശമദ്യം ഉള്‍പ്പെടെ നാല് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി കുന്ദമംഗലത്ത് യുവാവ് പിടിയില്‍. കോണാട് ബീച്ച് ചട്ടിത്തോപ്പ് പറമ്പില്‍ സര്‍ജാസ് ബാബു (37 വയസ്സ്) വിനെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്.

50 കുപ്പി പോണ്ടിച്ചേരി വിദേശമദ്യവും, ആറായിരത്തോളം പാക്കറ്റ് ഹാന്‍സുകളുമായി വരട്ട്യാക്കിലെ വാടകവീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. രണ്ട് വര്‍ഷമായി ഇവിടെനിന്ന് കുന്നമംഗലം, നരിക്കുനി, മുക്കം, കോഴിക്കോട് സിറ്റിയുടെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ലഹരി വസ്തുക്കള്‍ എത്തിച്ചു നല്‍കുകയാണ് ഇയാള്‍. വരട്ട്യാക്ക് പെരിങ്ങോളം റോഡില്‍ അയൂബ്ഖാന്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള വീട് വാടകയ്ക്ക് എടുത്ത് വന്‍തോതില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിച്ച് വില്‍പനനടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സിറ്റി ക്രൈം സ്‌ക്വാഡ് ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ തുടങ്ങുകയും ദിവസങ്ങള്‍ക്കകം പ്രതിയെ വലയിലാക്കുകയായിരുന്നു.

പാത്രക്കച്ചവടമാണ് എന്ന് പറഞ്ഞ് കെട്ടിടഉടമയ തെറ്റിദ്ധരിപ്പിച്ചാണ് കെട്ടിടം വാടകയ്ക്ക് എടുത്തത്. പുതുവത്സരം ആഘോഷിക്കാനായാണ് വന്‍തോതില്‍ മദ്യവും ലഹരി വസ്തുക്കളും ഇവിടെ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതിയെപറ്റി അന്വേഷിച്ചതില്‍ സ്ഥിരമായി വിദേശമദ്യവും, നിരോധിത പുകയില ഉല്‍പന്നങ്ങളും മൊത്തമായും ചില്ലറയായും വില്‍പ്പന നടത്തുന്ന ആളാണെന്ന് പോലീസ് കണ്ടെത്തി.

കൂടാതെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്പന നടത്തിയതിന് ഇയാളുടെ പേരില്‍ വെള്ളിയില്‍ പോലീസ് സ്റ്റേഷനിലും, കാക്കൂര്‍ പോലീസ് സ്റ്റേഷനിലും കേസുകള്‍ നിലവില്‍ ഉണ്ടെന്നും, പുകയില ഉത്പനങ്ങള്‍ വിറ്റ് കിട്ടുന്ന പണം ആഢഭര ജീവിതം നയിക്കാനാണ് ഇയാള്‍ ഉപയോഗിക്കുന്നത്. പിടികൂടിയ നിരോധിത പുകയില ഉല്‍പനത്തിന് വിപണിയില്‍ നാല് ലക്ഷത്തോളം രൂപ വില വരുമെന്ന് പോലീസ് പറയുന്നു.

കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ നിതിന്‍. എ യുടെ നേതൃത്വത്തിലുള്ള കുന്ദമംഗലം പോലീസും, ടൗണ്‍ അസ്സി: കമ്മീഷണര്‍ അഷ്‌റഫ് ടി.കെ.യുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌കോഡും കുന്ദമംഗലം സ്റ്റേഷനിലെ എസ്. ഐ. ജിബിഷ കെപി, സി.പി.ഒ പ്രണവ്. കെ, ക്രൈം സ്‌കോഡ് അംഗങ്ങളായ ഷാലു. എം, സുജിത്ത്.സി.കെ, ജിനേഷ് ചൂലൂര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.