പ്ലാസ്റ്റിക് കവറിലാക്കി വസ്ത്രത്തിനൊപ്പം ഒളിപ്പിച്ച് വച്ചു; വിൽപ്പനയ്ക്കായി കൊണ്ടുന്ന കഞ്ചാവുമായി നാദാപുരത്ത് യുവാവ് പിടിയിൽ


നാദാപുരം: വിൽപ്പനയ്ക്കായി കൊണ്ടുന്ന കഞ്ചാവുമായി യുവാവ് പിടിയിൽ. ബർദ്വാർ ജില്ലയിലെ ബെൽഗ്രാം ബുനുക്കി അബ്ദുല്ല മുല്ല (21) യെയാണ് നാദാപുരം പോലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് 2.640 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. വടകരയിൽനിന്ന്‌ വാണിമേൽ ഭാഗത്തേക്ക് പോകുന്ന ബസിൽനിന്നാണ് യുവാവിനെ പിടികൂടിയത്.   

പശ്ചിമ ബംഗാളിൽനിന്ന് ട്രെയിൻമാർഗം വടകരയിലെത്തിയതായിരുന്നു പ്രതി. പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നാദാപുരം പോലീസ് ബസ്‌സ്റ്റാൻഡിലെത്തി ബസിൽ നടത്തിയ വ്യാപകപരിശോധനയ്ക്കിടെയാണ് പ്രതി വലയിലായത്. ബാ​ഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്ലാസ്റ്റിക് കവറിലാക്കി അടുക്കിവെച്ച വസ്ത്രത്തിനുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചത്.   

ഒരുവർഷംമുമ്പ് പ്രതി വാണിമേൽ പരപ്പുപാറയിൽ താമസിച്ചിരുന്നു. അവിടെ രണ്ടുമാസം ജോലിചെയ്ത് പശ്ചിമബംഗാളിലേക്ക് തിരിച്ചുപോയി. ശനിയാഴ്ച വീണ്ടും പരപ്പുപാറയിലെ വാടകവീട്ടിലേക്ക് വരുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലായത്.     

കഞ്ചാവ് സുഹൃത്തുകൾക്ക് വിതരണം ചെയ്യാൻവേണ്ടി കൊണ്ടുവന്നതാണെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമാക്കിയാണ് പ്രതി കഞ്ചാവ് എത്തിച്ചതെന്ന സംശയവും പോലീസിനുണ്ട്. വിദ്യാലയങ്ങൾ തുറക്കുന്ന ഘട്ടത്തിൽ ചില സംഘങ്ങൾ വിദ്യാർഥികളെ ലക്ഷ്യമാക്കി ലഹരിവസ്തുക്കൾ എത്തിക്കുന്നതായുള്ള വിവരം പോലീസിന് ലഭിച്ചിരുന്നു.   

നാദാപുരം എസ്.ഐ. എം. നൗഷാദ്, എ.എസ്.ഐ. അരവിന്ദൻ, സീനിയർ പോലീസ് ഓഫീസർമാരായ എം.കെ. പ്രബീഷ്, രാജു, അജീഷ്, സിജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.