തിക്കോടിയില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന് കല്ലെറിഞ്ഞ യുവാവ് പിടിയില്‍; ആര്‍.പി.എഫ് പ്രതിയെ പിടികൂടിയത് വെള്ളറക്കാടുനിന്ന്
തിക്കോടി: തിക്കോടിയില്‍വെച്ച് വന്ദേ ഭാരത് എക്‌സ്പ്രസിന് കല്ലെറിഞ്ഞ യുവാവ് പിടിയില്‍. 32 വയസു തോന്നുന്ന ഇയാള്‍ ഹിന്ദി സംസാരിക്കുന്നയാളാണ്. ചന്ദ്രുവെന്നാണ് പേര് പറഞ്ഞത്. വെള്ളറക്കാടുവെച്ചാണ് ഇയാള്‍ ആര്‍.പി.എഫിന്റെ പിടിയിലായത്. പരസ്പര ബന്ധമില്ലാതെയാണ് ഇയാള്‍ സംസാരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് എക്സ്പ്രസിന് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ ഒരാളാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെ തിക്കോടിക്കും നന്തി ബസാറിനും ഇടയില്‍ വച്ചാണ് ട്രെയിനിന് നേരെ കല്ലേറ് ഉണ്ടായത്. ട്രെയിനിന്റെ രണ്ട് ഗ്ലാസുകള്‍ കല്ലേറില്‍ തകര്‍ന്നെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ലോക്കോ പൈലറ്റ് ഉടന്‍തന്നെ കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം കൈമാറിയതിനെ തുടര്‍ന്ന് വടകര സ്റ്റേഷനില്‍ നിന്നും എത്തി ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു.
ആര്‍.പി.എഫ് ഇന്‍സ്‌പെക്ടര്‍ ഉപേന്ദ്രകുമാറിന്റെ നിര്‍ദേശമനുസരിച്ച് സബ് ഇന്‍സ്‌പെക്ടര്‍ ധന്യ, എ.എസ്.ഐമാരായ പി.പി.ബിനീഷ്, ദിലീപ് കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ സജീവന്‍, കോണ്‍സ്റ്റബിള്‍ പി.രാജീവന്‍ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.