രാമനാട്ടുകരയില്‍ ഫുട്പാത്തില്‍ നില്‍ക്കുകയായിരുന്ന ആളെ അക്രമിച്ച് മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച നടത്തിയ മുഖ്യ പ്രതി അറസ്റ്റില്‍; പിടികൂടിയത് സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ്


കോഴിക്കോട്: രാമനാട്ടുകര ഫുട്പാത്തില്‍ നില്‍ക്കുകയായിരുന്നയാളെ അക്രമിച്ച് മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന കേസിലെ പ്രതിയെ പിടികൂടി. കൊണ്ടോട്ടി പനയം പറമ്പ് ദാനിഷ് മിന്‍ഹാജ് (18) ആണ് അറസ്റ്റിലായിരിക്കുന്നത്. ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ഇ ബൈജു ഐ.പി എസിന്റെ കീഴിലുള്ള സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ഫറോക്ക് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.എസ് ഹരീഷിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

മാര്‍ച്ച് 15ന് രാത്രി സമയത്ത് രാമനാട്ടുക്കര സുരഭിമാളിനു സമീപത്തെ പള്ളിയില്‍ നിന്നും നിസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങി ഫുട്പാത്തില്‍ നില്‍ക്കുന്ന സമയം ദാനിഷ് ക്രൂരമായി മര്‍ദ്ദിക്കുകയും കൈയിലുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച നടത്തി കടന്നു കളയുകയുമായിരുന്നു. തുടര്‍ന്ന് ഫറോക്ക് പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഫറോക്ക് പൊലീസിന്റെ അന്വേഷണത്തോടൊപ്പം ഡപ്യൂട്ടി കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും അന്വേഷണം നടത്തി വരികയായിരുന്നു. തുടര്‍ന്ന് സ്‌പെഷ്യല്‍ ആക്ഷന്‍ ഒപ്പ് ലോഡ്ജുകളില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ ദാനിഷിനെ കസ്റ്റഡിയിലെടുത്ത് ഫറോക്ക് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയും ചെയ്തു.

വീട്ടില്‍ പോകാതെ വില കുറഞ്ഞ ലോഡ്ജുകളില്‍ റൂമെടുത്ത് താമസിക്കുകയും കോഴിക്കോട് ബീച്ച്, പാളയം, രാമനാട്ടുക്കര തുടങ്ങീ വിവിധ ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ കറങ്ങി നടന്ന് കവര്‍ച്ച നടത്തുന്ന സംഘത്തില്‍പ്പെട്ടയാളാണ് ഇപ്പോള്‍ പിടിയിലായ ദാനിഷ്. ഇവരുടെ വലിയൊരു സംഘം തന്നെ പോലീസിനെ വെല്ലുവിളിക്കുന്ന രീതിയില്‍ കറങ്ങി നടക്കുന്നുണ്ട്. ലഹരിമരുന്നിന്റെ അമിതമായ ഉപയോഗവും ഇയാള്‍ക്കുണ്ട്.കവര്‍ച്ച ചെയ്ത മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു.