വിളിച്ചിട്ടും വാതില്‍ തുറന്നില്ല, തകർത്ത് അകത്ത് കടന്നപ്പോൾ കണ്ടത് വായില്‍ നിന്ന് നുരയും പതയും; കോഴിക്കോട് ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവ ഡോക്ടറുടെത് സ്വാഭാവിക മരണമെന്ന് പൊലീസ്


കോഴിക്കോട്: മലബാര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥി കോഴിക്കോട്ടെ ഫ്ലാറ്റില്‍ മരണപ്പെട്ട സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. വയനാട് കണിയാമ്പറ്റ സ്വദേശിനി തന്‍സിയയെയാണ് പാലാഴി പാലയിലുള്ള ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സുഹൃത്തും ഡോക്ടറുമായ ജസ്‌ല കുടുംബസമേതം താമസിക്കുന്ന ഫ്‌ളാറ്റില്‍ ഏഴാംനിലയിലെ ഏഴ് എഫില്‍ ചൊവ്വാഴ്ച രാത്രിയോടെയാണ് തന്‍സിയ എത്തിയത്. ഭക്ഷണം കഴിച്ചശേഷം കിടന്ന തന്‍സിയ രാവിലെ വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതോടെ ആശങ്കയിലായ ജസ്ലയും കുടുംബവും ഫ്‌ളാറ്റ് ജീവനക്കാരുടെ സഹായത്തോടെ ബലം പ്രയോഗിച്ച് വാതില്‍ തുറന്നതോടെയാണ് വായില്‍നിന്ന് നുരയും പതയും വന്ന് കമിഴ്ന്നുകിടക്കുന്ന നിലയില്‍ തന്‍സിയയെ കണ്ടെത്തിയത്.

വിവരം ലഭിച്ചതിനെത്തുടര്‍ന്നെത്തിയ പൊലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വൈകീട്ട് അഞ്ചരയോടെ മൃതദേഹം സ്വദേശമായ കണിയാമ്പറ്റയിലെ വീട്ടിലേക്ക് കൊണ്ടുപോയി.

തന്‍സിയ അപസ്മാരരോഗത്തിനുള്ള ചികിത്സയിലായിരുന്നെന്ന് ബന്ധുക്കള്‍ അറിയിച്ചു. സ്വാഭാവികമരണമാണെന്ന് കണിയാമ്പറ്റ പോലീസ് വ്യക്തമാക്കി. ഭര്‍ത്താവ്: താമരശ്ശേരി പുത്തന്‍വീട്ടില്‍ ഫരീദ് (ബിസിനസ്). പിതാവ്: പരേതനായ ഷൗക്കത്ത്. മാതാവ്: ആമിന. സഹോദരങ്ങള്‍: ആസിഫ് അലി, അന്‍സിത.