സിനിമാ ചിത്രീകരണത്തിനിടെ നെഞ്ചിൽ അണുബാധ; യുവ ഛായാഗ്രാഹക കെ.ആർ കൃഷ്ണ അന്തരിച്ചു


കൊച്ചി: യുവ ഛായാഗ്രാഹക പെരുമ്പാവൂർ സ്വദേശിനി കെ.ആർ. കൃഷ്ണ അന്തരിച്ചു. മുപ്പത് വയസായിരുന്നു. സിനിമാ ചിത്രീകരണത്തിനിടെ നെഞ്ചിൽ അണുബാധയുണ്ടായതിനെ തുടർന്ന് ശ്രീനഗറിൽ വച്ചായിരുന്നു മരണം.

പ്രശസ്ത സംവിധായകൻ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ ‘ഹിറ്റ്’ സീരീസിലെ മൂന്നാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു കൃഷ്ണ. മലയാളി സംവിധായകനും ഛായാഗ്രാഹകനുമായ സാനു വർഗീസാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ അസോസിയേറ്റായി പ്രവർത്തിക്കുകയായിരുന്നു കൃഷ്ണ. രാജസ്ഥാൻ, അരുണാചൽ‍ പ്രദേശ് എന്നിവിടങ്ങളിലെ ഷൂട്ടിങ്ങിനു ശേഷം ജമ്മു കശ്മീരിൽ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കെയാണു കൃഷ്ണ അസുഖബാധിതയായത്.

അസുഖബാധയെ തുടർന്ന് ഈ മാസം 23നാണ്‌ കൃഷ്ണയെ ആദ്യം പ്രാദേശിക ആശുപത്രിയിലും പിന്നീട് ശ്രീനഗർ ഗവ. മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുന്നത്. ഇന്നു വാർഡിലേക്ക് മാറ്റാനിരിക്കെ പെട്ടെന്നുണ്ടായ ഹൃദയസ്തംഭനത്തെ തുടർന്ന് അന്തരിക്കുകയായിരുന്നു എന്നാണ് വിവരം. മൃതദേഹം നാളെ വൈകിട്ട് കൊച്ചിയിൽ എത്തിക്കും. ജനുവരി ഒന്നിന് സംസ്കാരം നടക്കും.

പെരുമ്പാവൂരിലും കുറുപ്പംപടിയിലും ഗിന്നസ് സ്റ്റുഡിയോ നടത്തിയിരുന്ന മുടക്കുഴ കണ്ണഞ്ചേരിമുകൾ കോടമ്പ്രം വീട്ടിൽ രാജന്റെയും ഗിരിജയുടെയും മകളാണ്. വിമൻ ഇൻ സിനിമ കലക്ടീവിന്റെ സജീവ പ്രവർത്തകയായിരുന്നു.

Description: Young cinematographer KR Krishna passed away