ബെന്യാമിന്‍ ഇന്ന് മുയിപ്പോത്ത്: ജനകീയ സാംസ്കാരിക വേദിയുടെ വീട്ടുമുറ്റ പുസ്തക ചർച്ചയില്‍ ‘മോണ്‍ട്രീഷേര്‍ ഡയറി’
പേരാമ്പ്ര: ജനകീയ സാംസ്കാരിക വേദി മുയിപ്പോത്ത് സംഘടിപ്പിക്കുന്ന വീട്ടുമുറ്റ പുസ്തക ചർച്ചയില്‍ ഇന്ന് ബെന്യാമിന്റെ ‘മോണ്‍ട്രീഷേര്‍ ഡയറി’. വൈകീട്ട് 6.30 ന് സി.ടി ഹമീദിന്റെ വീട്ടുമുറ്റത്ത് സംഘടിപ്പിക്കുന്ന പുസ്തക ചർച്ചയില്‍ ഡോ.എ.കെ അബ്ദുള്‍ ഹക്കീം പുസ്തകാവതരണം നടത്തും. ചടങ്ങില്‍ ഗ്രന്ഥകാരന്‍ ബെന്യാമിന്‍ മുഖ്യാതിഥിയാകും.
സ്വിറ്റ്സര്‍ലന്‍ഡിലെ മോണ്‍ട്രീഷേര്‍ ഗ്രാമത്തില്‍ ബെന്യാമിന്‍ ചെലവിട്ട രണ്ടുമാസത്തെ അനുഭവക്കുറിപ്പുകളാണ് ‘മോണ്‍ട്രീഷേര്‍ ഡയറി’ എന്ന പുസ്തകത്തിലുള്ളത്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധികരിച്ച പുസ്തകം കഴിഞ്ഞ മാസമാണ് പ്രകാശനം ചെയ്തത്.
സംവാദാത്മകമായ വീട്ടുമുറ്റങ്ങള്‍ എന്ന ലക്ഷ്യത്തോടെ 2018-ലാണ് മുയിപ്പോത്ത് ജനകീയ സാംസ്കാരികവേദിക്ക് രൂപംനല്‍കിയത്. 80-ഓളംപേർ സാംസ്കാരികവേദിയില്‍ അംഗങ്ങളായുണ്ട്. ഓരോമാസവും ഒരു പുസ്തക ചർച്ചയാണ് വീട്ടുമുറ്റങ്ങളില്‍ സംഘടിപ്പിക്കാറുള്ളത്. പുസ്തകചർച്ചയും സംവാദങ്ങളുമായി 45-ഓളം പരിപാടികള്‍ നടന്നു. ഒട്ടേറെ എഴുത്തുകാർ അതിഥികളായെത്തി. കോവിഡ് കാലത്ത് ഓണ്‍ലൈനായും നടന്നു. ചർച്ചചെയ്യുന്ന പുസ്തകം വിലക്കുറവോടെ വിതരണത്തിന് എത്തിക്കുകയും ചെയ്യാറുണ്ട്.
അമ്മയുടെ ഓർമ്മയ്ക്കായി അധ്യാപകനായ കെ വി ശശിയുടെ നേതൃത്വത്തില്‍ 2022-ല്‍ സ്വന്തംസ്ഥലത്ത് നിർമിച്ച ‘എഴുത്തും വായനയും’ സാംസ്കാരികനിലയമാണ് പ്രവർത്തനകേന്ദ്രം. എഴുത്തുകാരൻ എം. മുകുന്ദനാണ് സാംസ്കാരികനിലയം നാടിന് സമർപ്പിച്ചത്. തൻവീർ അഹമ്മദ് പ്രസിഡന്റും കെ.വി. പ്രേമൻ സെക്രട്ടറിയും സമീർ അരീക്കോത്ത് ഖജാൻജിയുമായ കമ്മിറ്റി പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.