ദേശീയപാതാ വികസനം പയ്യോളി ടൗണിന്റെ മുഖച്ഛായ മാറ്റുമ്പോള്‍ പഴയകാലത്തെ പയ്യോളിയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് ഒരു കുറിപ്പ്; കുഞ്ഞിക്കണ്ണന്‍ തുറശ്ശേരിക്കടവ് എഴുതുന്നു
കുഞ്ഞിക്കണ്ണന്‍ തുറശ്ശേരിക്കടവ്
ദേശീയപാത ആറുവരിപ്പാതയാക്കി മാറ്റുന്നതിന്റെ ഭാഗമായി എന്റെ നാടായ പയ്യോളിയുടെ ഹൃദയഭാഗങ്ങളിലുള്ള കെട്ടിടസമുച്ചയങ്ങളെല്ലാം ആധുനിക യന്ത്രസംവിധാനങ്ങളുപയോഗിച്ച് നിശ്ശേഷം തകർക്കപ്പെടുന്നതു കണ്ടുനിന്നപ്പോൾ പണ്ട് (ഏകദേശം ഒരൻപതു വർഷങ്ങൾക്ക് മുൻപ്) അച്ഛനോടൊപ്പം ആദ്യമായ് ഞാൻ പയ്യോളിയിൽ വന്നത് ഏറെ തിളക്കത്തോടെ എന്റെ സ്മരണയിലുണരുകയായി.
ദേശീയപാതയ്ക്കിരുപുറവും ഓടും ഓലയും മേഞ്ഞ ഏതാനും പീടികകളായിരുന്നു ‘പുത്യാര്ത്ത്മ്മൽ’ (പുതിയനിരത്ത്) എന്ന പയ്യോളിയിൽ അന്നുണ്ടായിരുന്നത്. ഇന്ന് ബീച്ച്റോഡ് എന്നറിയപ്പെടുന്ന മാർഗ്ഗത്തിലുണ്ടായിരുന്ന മൺപാതയ്ക്കിരുപുറവും രണ്ടുമൂന്നു കടകളും ഒരു ചായപ്പീടികയും കൂടി ഉണ്ടായിരുന്നു എന്നാണോർമ്മ. ഹൈവേറോഡിൽ നിന്നും കിഴക്കോട്ടു നീണ്ടുപോകുന്ന പേരാമ്പ്ര റോഡിൽ ‘അബ്ദുള്ള ബീഡി’ എന്ന ബോർഡു വച്ചൊരു ചെറിയ പീടികമുറിയിൽ നിന്ന് കുറച്ച് ആളുകൾ ബീഡി തെറുപ്പ് ജോലിചെയ്യുന്നതും അന്നൊരു കൗതുകക്കാഴ്ച്ചയായ് ഞാൻ നോക്കിനിന്നിരുന്നു.
വേറെ രണ്ടോ മൂന്നോ കടകളോ സ്ഥാപനങ്ങളോ കൂടി ഉണ്ടായിരുന്നതൊഴിച്ചാൽ പേരാമ്പ്ര റോഡും ശൂന്യമായിരുന്നു അന്ന്. ഇന്നത്തെ പോസ്റ്റ്‌ഓഫീസ് മുതൽ അലങ്കാർ വരെയും എതിർഭാഗത്തെ ട്രഷറി ഓഫീസും മറ്റു കെട്ടിടസമുച്ചയങ്ങളും ആനന്ദ് ഹോസ്പിറ്റലുമെല്ലാം നിൽക്കുന്നിടങ്ങൾ നെൽകൃഷി ചെയ്യുന്ന വയലുകളുമായിരുന്നു അന്ന്.
പൈതൽ ചെട്ട്യാരുടെ (പി.ടി. ഉഷയുടെ പിതാവ്) തുണിപ്പീടികയിൽ നിന്നും അന്ന് അച്ഛൻ എനിക്കൊരു കുപ്പായത്തുണി എടുത്തു തന്നതും അതു തയ്‌പ്പിക്കുവാൻ ആ പീടികയുടെ വരാന്തയിൽത്തന്നെ തയ്യൽജോലി ചെയ്തിരുന്ന സി.കുഞ്ഞിരാമനെ (മണ്മറഞ്ഞ പയ്യോളിയിലെ സി.പി.എം നേതാവ്) ഏൽപ്പിച്ചിരുന്നതുമെല്ലാം ഇന്നലെയെന്ന പോലെ അപ്പോൾ മനസ്സിലേക്കോടിയെത്തി.
അന്നെന്നെ അരികിൽ ചേർത്തുനിർത്തി അദ്ദേഹമെന്റെ കുപ്പായത്തിന്റെ അളവ് പിടിക്കുമ്പോൾ എന്റെ കണ്ണുകൾ എതിർവശത്തെ മതിൽക്കെട്ടിനകത്തുള്ള ഓട് മേഞ്ഞ വലിയ കെട്ടിടത്തിനു നേരെ നടന്നുപോകുന്ന രണ്ടു മനുഷ്യരിലായിരുന്നു. എനിക്ക് അപരിചിതമായിരുന്ന അവരുടെ വേഷം എന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. കാക്കിനിറത്തിലുള്ള ട്രൗസറും കുപ്പായവുമിട്ട് അതേ നിറത്തിൽ തന്നെയെങ്കിലും ഭാഗികമായ് ചുവപ്പുനിറവുമുള്ള കൂർത്ത തൊപ്പികൾ അവർ തലയിൽ വച്ചിട്ടുമുണ്ടായിരുന്നു.
“അത് പോലീസ്കാരാടാ..ഇഞ്ഞ് പേടിക്കണ്ട..ഓലിന്നെ പിടിക്ക്വൊന്നൂല്ല..ഓല് കോടതീലേക്കല്ലേ പോവ്ന്നൗ..”
ആ നേരത്ത് ഭയന്നുള്ള എന്റെ മുഖഭാവം ശ്രദ്ധിച്ചാവണം സി.കുഞ്ഞിരാമൻ തമാശയോടെ അങ്ങനെ പറഞ്ഞിട്ടുണ്ടാവുക. എങ്കിലും അദ്ദേഹത്തിന്റെ ആ വാക്കുകളിലൂടെയാണ് പോലീസിനെ ഞാൻ ആദ്യമായ് കാണുന്നതും അരികെ കണ്ട കെട്ടിടം പയ്യോളി കോടതിയാണെന്നറിഞ്ഞതും.
ഒട്ടേറെ നേരമന്ന് പയ്യോളിയിൽ ഉണ്ടായിരുന്നിട്ടും ഒന്നുരണ്ട് അമ്പാസ്സിഡർ കാറുകളും ഒരു ഫാർഗോലോറിയും മാത്രമേ ഹൈവേ റോഡിലൂടെ അന്ന് പോകുന്നത് കാണാൻ സാധിച്ചിരുന്നുള്ളു. പേരാമ്പ്ര റോഡിലൂടെ തിരികെ വീട്ടിലേക്കു നടക്കുന്നതിനിടയിൽ കീഴൂരിൽ എത്തിച്ചേർന്നിട്ടു പോലും, തേങ്ങയും കയറ്റി പോവുകയായിരുന്ന ഒരു കാളവണ്ടി കണ്ടതല്ലാതെ മറ്റൊരു വാഹനവും അന്നു റോഡിൽ ഞങ്ങൾ കണ്ടിരുന്നില്ലെന്നത് ആശ്ചര്യത്തോടെ ഇന്നും ഞാനോർക്കുന്നു.
പയ്യോളിയിൽ കണ്ട കാഴ്ചകൾ പൊടിപ്പും തൊങ്ങലും വച്ച് ഞാനന്ന് അമ്മയോടും സഹോദരങ്ങളോടും പറയുമ്പോൾ അരികെ നിന്നെല്ലാം കേട്ടുകൊണ്ടിരുന്ന എന്റെ അച്ഛാച്ചൻ അദ്ദേഹത്തിന്റെ ചെറുപ്രായത്തിൽ കണ്ട പയ്യോളിയെക്കുറിച്ചും ഞങ്ങൾക്ക് പറഞ്ഞു തരികയുണ്ടായി.
നാട് ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്ന അക്കാലത്ത് കീത്താന അബ്ദുമാപ്പിള എന്നൊരാൾ നടത്തിവന്നിരുന്ന ഒരു പലചരക്കുകടയും കൂടാതെ പൊക്കൻ ചുരുട്ടും വെറ്റില, പുകയില, അടക്ക, ചുണ്ണാമ്പ് എന്നിവയും പൂളക്കിഴങ്ങും(മരച്ചീനി) വിൽക്കുന്ന കേളപ്പൻ എന്നൊരാളുടെ പീടികയും മാത്രമേ അന്ന് പയ്യോളിയിൽ ഉണ്ടായിരുന്നുള്ളുവത്രേ.മത്സ്യത്തൊഴിലാളികൾ കടപ്പുറത്തേക്ക് വഴിനടന്നു പോയിക്കൊണ്ടിരുന്ന വഴിയാണത്രെ പിന്നീട് ബീച്ച്റോഡായി മാറിയത്. അന്ന് സമൂഹത്തിലെ ഉന്നതരായ ആളുകൾക്ക് യാത്ര ചെയ്യാൻ കുതിരവണ്ടിയും സാധനങ്ങൾ കയറ്റിയിറക്കുന്നതിന് കാളവണ്ടിയുമാണ് അന്ന് പരക്കെ ഉപയോഗിക്കപ്പെട്ടിരുന്നത്.
എല്ലാ അർത്ഥത്തിലുമുള്ള വികാസം പയ്യോളിക്ക് കൈവന്നിരുന്നെന്നു കരുതിയിരുന്ന ഒരു ഘട്ടത്തിലാണ് ഹൈവേവികസനം എന്ന പേരിൽ പയ്യോളിക്ക് ഇന്നിങ്ങനെയൊരു നവമുഖം വരാനിരിക്കുന്നത്.അതിന്റെ ജോലികൾ അതിവേഗത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ വേളയിൽ ആ പുതിയ പയ്യോളിമുഖത്തെ (പ്രാദേശികമായ് എഴുതിയതു കൊണ്ടാണ് പ്രാദേശികമായിത്തന്നെ പയ്യോളിമുഖം എന്ന് എഴുതിയത്.ഇത് മൊത്തമായ് വരുന്നൊരു മാറ്റമാണെന്ന് ഏവർക്കും അറിയാവുന്നതാണല്ലോ) വരവേൽക്കാനായ് പുതുതലമുറയ്ക്കൊപ്പം മനസ്സ് എപ്പോഴേ ഒരുങ്ങിക്കഴിഞ്ഞു.