ഡെല്‍റ്റയ്ക്കും ഒമിക്രോണിനും പിന്നാലെ അടുത്ത വകഭേദവും എത്തി; കോവിഡിന്റെ നാലാം തരംഗം ബാധിക്കുക ഏഷ്യന്‍ രാജ്യങ്ങളെയെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
ജനീവ: കൊവിഡ് മഹാമാരിയുടെ തീവ്രത കുറഞ്ഞു. ഒന്നര വര്‍ഷത്തിനു ശേഷം കേരളത്തില്‍ പ്രതിദിന കേസുകള്‍ ആയിരത്തിനും താഴെയായി. ലോകം കോവിഡിനെ കീഴടക്കിയെന്നും എല്ലാം പഴയപടിയാവുകയാണെന്നും ആശ്വസിക്കുകയാണ് നമ്മളെല്ലാം.
എന്നാല്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ല എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. കോവിഡിന്റെ നാലാം തരംഗം ഉടനുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനാ മേധാവി അഥാനോം ഗബ്രിയേസസ് മുന്നറിയിപ്പ് നല്‍കിയത്. കേസുകളുടെ എണ്ണത്തില്‍ ഉടന്‍ വര്‍ധനവുണ്ടാകുമെന്ന് അദ്ദേഹം പറയുന്നു. ഇത് കൂടുതല്‍ ബാധിക്കുക ഏഷ്യന്‍ രാജ്യങ്ങളെയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പല രാജ്യങ്ങളിലും പരിശോധന കുറവാണ്. അതിനാല്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കുറവാണ്. മഹാമാരി അവസാനിച്ചിട്ടില്ല. ജനങ്ങള്‍ കരുതല്‍ തുടരണം. ഇപ്പോള്‍ കാണുന്നത് വലിയ മഞ്ഞുമലയുടെ അറ്റം മാത്രമാണ്. എല്ലാ രാജ്യങ്ങളും വാക്സിനേഷനും കോവിഡ് പരിശോധനകളും തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരോഗ്യ പ്രവര്‍ത്തരുടെയും പ്രായമായവരുടെയും കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. വാക്സിനേഷന് എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കഴിഞ്ഞയാഴ്ച മാത്രം എട്ടു ശതമാനം വര്‍ദ്ധനയാണുണ്ടായ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ ഈ മുന്നറിയിപ്പ്. കേസുകളുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും മരണ നിരക്ക് കുറഞ്ഞിരിക്കുന്നത് ആശ്വാസകരമാണ്. മരണ നിരക്ക് ഏകദേശം 17 ശതമാനം കുറഞ്ഞുവെന്നാണ് സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം ഇസ്രയേലില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതും ആശങ്ക വര്‍ധിപ്പിക്കുകയാണ്. രണ്ട് കേസുകളാണ് ഇസ്രയേലില്‍ സ്ഥിരീകരിച്ചത്. ലോകത്ത് എവിടെയും ഇതുവരെ കണ്ടെത്താത്ത വകഭേദമാണ് ഇത്. ഇസ്രയേലിലെത്തിയ രണ്ട് യാത്രക്കാരിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്.
നിലവിലുള്ള ബി.എ.1, ബി.എ.2 എന്നീ വകഭേദങ്ങള്‍ കൂടിച്ചേര്‍ന്നുള്ളതാണ് പുതിയ വകഭേദം രൂപപ്പെട്ടിരിക്കുന്നത്. പുതിയ വകഭേദം ബാധിച്ചവര്‍ക്ക് പ്രത്യേക ചികിത്സ ആവശ്യമില്ലെന്ന് ഇസ്രയേല്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പനി, തലവേദന, പേശി ബലക്കുറവ് എന്നിവയാണ് രോഗലക്ഷണങ്ങള്‍.
ഡെല്‍റ്റയും ഒമിക്രോണും ഒന്നിച്ചുചേര്‍ന്ന് രൂപപ്പെട്ട ഡെല്റ്റാക്രോണും ഇത്തരത്തില്‍ രണ്ട് കൊവിഡ് വകഭേദങ്ങള്‍ സംയോജിച്ചുണ്ടായതാണ്. കൊവിഡും ഇന്‍ഫ്ളുവന്‍സയും സംയോജിച്ച് രൂപപ്പെട്ട ഫ്ളുറോണയും ആദ്യമായി സ്ഥിരീകരിച്ചത് ഇസ്രയേലിലായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് ഫ്ളുറോണ കണ്ടെത്തിത്.