ഓട്ടോ ഓടിച്ചും തെങ്ങുകയറിയും കുടുംബം പോറ്റാനുള്ള നെട്ടോട്ടമായിരുന്നു ബിജുവിന്റേത്; ഒടുക്കം ജോലിയ്ക്കിടെ തെങ്ങ് മുറിഞ്ഞ് വീണ് മരണവും, നാടിന് നഷ്ടമായത് കഠിനാധ്വാനിയായ ചെറുപ്പക്കാരനെ


പേരാമ്പ്ര: പ്രയാസങ്ങള്‍ക്കിടയിലും ഒരു പരാതിയുമില്ലാതെ കഠിനമായി അധ്വാനിച്ചാല്‍ ജീവിതം കരയ്ക്കടുപ്പിക്കാമെന്ന പ്രതീക്ഷയായിരുന്നു പെരുവണ്ണാമൂഴി സ്വദേശി ബിജുവിന്. യന്ത്രം ഉപയോഗിച്ച് തെങ്ങുകയറാന്‍ പോകും, ബാക്കിയുള്ള സമയത്ത് ഓട്ടോ ഓടിക്കും. ആരോടും പരാതിയും പരിഭവവുമില്ലാതെ കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയുന്നതിനിടെയാണ് ഇന്നലെ അപ്രതീക്ഷിതമായ അപകടം ബിജുവിന്റെ ജീവനെടുത്തത്.

രാവിലെ എട്ടരയോടെ ചക്കിട്ടപ്പാറ പഞ്ചായത്തിലെ കൂവപ്പൊയിലില്‍ ഒരു സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ തെങ്ങില്‍ യന്ത്രമുപയോഗിച്ച് കയറുന്നതിനിടെയാണ് തെങ്ങ് മുറിഞ്ഞുവീണ് ബിജു നിലംപതിച്ചത്. ഗുരുതരമായി പരിക്കേറ്റ ബിജു കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വൈകുന്നേരമാണ് മരണപ്പെട്ടത്.

മുപ്പത്തിയൊന്‍പതുകാരനായ ബിജുവായിരുന്നു കുടുംബത്തിന്റെ അത്താണി. തറവാട്ടില്‍ അമ്മയും ഭാര്യയുും രണ്ടു പിഞ്ചു പെണ്‍മക്കളുമുണ്ട്. പിതാവ് ചെറിയാന്‍ നേരത്തെ മരണപ്പെട്ടു.

പെരുവണ്ണാമൂഴി ഇടവാകാംഗമായ ബിജു കെ.സി.വൈ.എമ്മിന്റെ രൂപത മുന്‍ ഭാരവാഹിയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്നു വൈകുന്നേരം മൂന്നുമണിയോടെ പെരവണ്ണാമൂഴി ഫാത്തിമ മാതാ പള്ളി സെമിത്തേരിയില്‍ നടന്നു.

ഷീനയാണ് ബിജുവിന്റെ ഭാര്യ. അമ്മ: അന്നമ്മ. അന്ന മരിയ, അന്‍സമരിയ എന്നിവര്‍ മക്കളാണ്.