കപ്പ ബിരിയാണി, നാടന്‍പുഴുക്ക്, ദോശകള്‍, നാടന്‍ രുചികളുമായി സര്‍ഗാലയയിലെ പെണ്ണുങ്ങളുടെ ഫുഡ്‌കോര്‍ട്ട്; രുചി പരീക്ഷണങ്ങള്‍ക്ക് താല്‍പര്യമുള്ളവരെ കാത്ത് ഉസ്ബക്കിസ്ഥാന്‍ സ്വദേശിനിയും


ജിന്‍സി ബാലകൃഷ്ണന്‍

ഇരിങ്ങല്‍: വീടുകളിലെ അടുക്കള കാര്യങ്ങള്‍ നോക്കുന്നത് ഏതാണ്ട് എല്ലായിടത്തും സ്ത്രീകളുടെ ചുമതലയാണെങ്കിലും പൊതുപരിപാടികള്‍ വരുമ്പോള്‍ അക്കാര്യം നിറവേറ്റുന്നത് ഒട്ടുമിക്കപ്പോഴും ആണുങ്ങളാണ്. കലോത്സവത്തിലാണെങ്കിലും കല്ല്യാണ വീടുകളിലാണെങ്കിലും വെക്കുന്നതും വിളമ്പുന്നതുമെല്ലാം പുരുഷന്മാരാണ്. എന്നാല്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കാളികളാവുന്ന ഇരിങ്ങല്‍ സര്‍ഗാലയ അന്താരാഷ്ട്ര കരകൗശലമേളയുടെ കാര്യത്തില്‍ ഈ പതിവ് ഇല്ല. ഇവിടെ സ്ത്രീകള്‍, പ്രത്യേകിച്ച് ഇരിങ്ങലിലും പരിസര പ്രദേശത്തുമുള്ള സ്ത്രീകളാണ് ഫുഡ്‌കോര്‍ട്ടിന്റെ ചുമതല ഏറ്റെടുത്ത് നടത്തുന്നത്.

70 പേരുള്ള സംഘമാണ് കരകൗശല മേള നടക്കുന്ന ഈ ദിനങ്ങളില്‍ സര്‍ഗാലയയുടെ ഫുഡ്‌കോര്‍ട്ടിലെ കാര്യങ്ങള്‍ നടത്തുന്നത്. പാചകവും ബില്ലിങ്ങും വിളമ്പലും ക്ലീനിങ്ങുമെല്ലാം ഇവര്‍ തന്നെ. ഒമ്പതുപേര്‍ സ്ഥിരം സ്റ്റാഫുകളാണ്. മറ്റുള്ളവരെ മേളയുടെ സാഹചര്യത്തില്‍ തല്‍ക്കാലത്തേക്ക് നിയമിച്ചതും.

പൊതുവേ നാടന്‍ ഫുഡുകളാണ് സര്‍ഗാലയയിലെ ഫുഡ്‌കോര്‍ട്ടില്‍ വിളമ്പുന്നത്. മസാല ദോശ, നെയ്‌റോസ്റ്റ്, കപ്പബിരിയാണി, പച്ചക്കായയും ചിക്കനും, പൊറോട്ട, ലഘു കടികള്‍ എന്നിങ്ങനെയുള്ള വിഭവങ്ങളാണ് വിളമ്പുന്നത്. മേളയില്‍ പങ്കെടുക്കുന്ന വിദേശികളടക്കമുള്ള അതിഥികള്‍ ആവശ്യപ്പെടുന്ന പക്ഷം അവര്‍ക്കുവേണ്ടി ബിരിയാണി, നെയ്‌ചോര്‍, സാന്റ് വിച്ച് പോലുള്ള ആഹാരങ്ങളും തയ്യാറാക്കി നല്‍കും.

സര്‍ഗാലയയുടെ നാടന്‍ ഫുഡുകള്‍ക്ക് പുറമേ ഉസ്ബക്കിസ്ഥാന്‍ സ്വദേശിനി നടത്തുന്ന ഫുഡ്‌കോര്‍ട്ടും ഇവിടെയുണ്ട്. മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ഉസ്ബക്കിസ്ഥാന്‍ രുചികള്‍ പരീക്ഷിച്ചറിയാന്‍ നിരവധി പേരാണ് ഇവിടെയെത്തുന്നത്. സോംസ്, ചക്ചക്, കോമ്പോട്ട് (ജ്യൂസ് ടീ) എന്നിവയാണ് ഇവിടെയുള്ളത്.