ആട്ടവും പാട്ടുമായി അവര്‍ യാത്ര തുടങ്ങി; താമരശ്ശേരിയില്‍ നിന്നുള്ള ‘വുമണ്‍ ട്രാവല്‍ വീക്കിന്’ ആവേശോജ്വല തുടക്കം


താമരശ്ശേരി: യാത്രയെ സ്‌നേഹിക്കുന്ന പെണ്ണുങ്ങള്‍ക്കായി കെ.എസ്.ആര്‍.ടി.സി. താമരശ്ശേരി ഡിപ്പോ ഒരുക്കുന്ന വിനോദയാത്ര പരിപാടി ‘വുമണ്‍ ട്രാവല്‍ വീക്കിന്’ ആവേശകരമായ തുടക്കം. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിനോദയാത്ര പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

മാര്‍ച്ച് എട്ടു മുതല്‍ 13 വരെ വനിതകള്‍ക്ക് മാത്രമായി ‘വുമണ്‍ ട്രാവല്‍ വീക്ക്’ എന്ന പേരില്‍ പ്രത്യേക വിനോദയാത്രാ പാക്കേജാണ് ഡിപ്പോ ഒരുക്കിയിട്ടുള്ളത്. യാത്രയെ സ്‌നേഹിക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ യാത്രാ സൗകര്യമാണ് ഇതുവഴി സജ്ജീകരിക്കുന്നത്. പുലര്‍ച്ചെ നാലിന് നെല്ലിയാമ്പതിയിലേക്ക് രണ്ട് ബസുകളും വണ്ടര്‍ലായിലേക്ക് ഒരു ബസും യാത്ര ആരംഭിച്ചു. പെണ്ണകം വനിതാകൂട്ടായ്മയുടെ നേതൃത്വത്തില്‍ ഡിപ്പോയില്‍ നിന്നും 6.30 ന് വയനാട്ടിലേക്കും യാത്ര പുറപ്പെട്ടു.

തുഷാരഗിരി-വനപര്‍വം -പൂക്കോട്, നെല്ലിയാമ്പതി, മുന്നാര്‍ സര്‍വീസുകള്‍ക്കും ഗവി, വാഗമണ്‍ സര്‍വീസിനും പുറമേ വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്ക്, എടയ്ക്കല്‍, കൊടൈക്കനാല്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്കാണ് സ്ത്രീകള്‍ക്ക് മാത്രമായി യാത്രകള്‍ സംഘടിപ്പിക്കുന്നത്. സ്ത്രീകള്‍ ഒറ്റയ്ക്കും കൂട്ടായും പങ്കാളികളാവുന്ന വനിതാദിന സര്‍വീസുകളില്‍ ഡ്രൈവറായും ടൂര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായും വനിതകളെ ഉള്‍പ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ഡിപ്പോ അധികൃതര്‍.

ബാലുശ്ശേരി ബസ്റ്റാന്റില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപ ലേഖ കൊമ്പിലാട്, അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പി.ഇ രഞ്ജിത്, ബഡ്ജറ്റ് ടൂറിസം സെല്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ബിന്ദു, ജനറല്‍ കണ്ട്രോളിംഗ് ഇന്‍സ്ട്രക്ടര്‍ കെ ബൈജു, സ്പെഷ്യല്‍ അസിസ്റ്റന്റ് കെ റാണി, പെണ്ണകം വനിതാകൂട്ടായ്മ പ്രസിഡണ്ട് ഗിരിജാ പാര്‍വ്വതി, സെക്രട്ടറി ബിന്ദു, അഡ്വ അബിജ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7902640704, 9846100728.