വടകര ആയഞ്ചേരിയിൽ എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ
വടകര: ആയഞ്ചേരിയിൽ മാരക ലഹരി പദാർഥമായ എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിലായി. കണ്ണൂർ ജില്ലയിലെ കൊളവല്ലൂർ സ്വദേശികളായ ചെറുപറമ്പ് ഉരളിയതിൽ അൻസിബ് (22), കമ്മാലി ഹൗസിൽ ആശിക് (22) എന്നിവരെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്‌തത്.
ഇവരിൽ നിന്ന് 4.18 ഗ്രാം എംഡിഎംഎ പിടിച്ചടുത്തു. തീക്കുനി സ്വദേശിയാണ് ഇതിനു പിന്നിലെന്നാണ് സൂചന. നേരത്തെ പറഞ്ഞുറപ്പിച്ചതു പ്രകാരം ആയഞ്ചേരിക്കടുത്തുള്ള സ്ഥലത്ത് വെച്ച് എംഡിഎംഎ എടുത്ത് മടങ്ങുമ്പോഴാണ് ഇരുവരും പിടിയിലാകുന്നത്.
റൂറൽ എസ്‌പി നിധിൻ രാജിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നർകോട്ടിക് സെൽ ഡിവൈഎസ്പി പ്രകാശ് പടന്നയിലിൻ്റെ നിർദേശപ്രകാരം ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എസ്ഐ മനോജ് രാമത്, എഎസ്ഐ വി.പി.ഷാജി, സിപിഒ ഇ.കെ.അഖിലേഷ്, വടകര എസ്ഐ പവനൻ, സിപിഒമാരായ ഷാജി, വിജേഷ്, ആയഞ്ചേരി എയ്‌ഡ് പോസ്റ്റിലെ സിവിൽ പോലീസ് ഓഫീസർ ഷിജിത് മൊകേരി എന്നിവർ ചേർന്നാണ് എം.ഡി.എം.എ പിടികൂടിയത്.
Summary: Two youths arrested with MDMA drug in Ayanchery.