പെട്ടന്ന് പ്രഖ്യാപിച്ച ഹർത്താലിൽ നാളെ കടകൾ തുറക്കുമോയെന്ന ആശങ്കയിൽ ജനം; ഹർത്താലിനോട് വിയോജിപ്പെങ്കിലും പ്രാദേശിക സാഹചര്യമനുസരിച്ച് തുറക്കാമെന്ന് സംഘടനകൾ; കടകൾ അടപ്പിക്കാൻ ശ്രമിച്ചാൽ നിയമനടപടിയെടുക്കാൻ കൊയിലാണ്ടി പോലീസ്


കൊയിലാണ്ടി: സംസ്ഥാനത്ത് നാളെ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിൽ കടകൾ തുറക്കുമോ എന്ന ആശങ്കയിൽ ജനങ്ങൾ. ഹർത്താലുകളോട് എതിരാണെങ്കിലും കടകൾ തുറക്കാമോ എന്ന് കാര്യത്തിൽ സംഘടനകൾ പൂർണ്ണമായും ഉറപ്പ് നൽകിയിട്ടില്ല. ഓരോ പ്രദേശത്തെയും സാഹചര്യമനുസരിച്ച് തീരുമാനമെടുക്കാമെന്ന് വ്യാപാരി വ്യവസായി സംഘടന അറിയിച്ചു.

പൊതുവിൽ എല്ലാ ഹർത്താലുകൾക്കുമെതിരാണ് എന്നും നാളത്തെ ഹർത്താലിൽ കടകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലായെന്നും കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ പറഞ്ഞു.

ഹർത്താലിനോട് സംഘടനക്ക് വിയോജിപ്പ് ആണെന്നും ഓരോ പ്രദേശങ്ങളിലെയും കടകൾ തുറന്ന് പ്രവർത്തിക്കാൻ പറ്റിയ സാഹചര്യം ഉണ്ടങ്കിൽ അത് അനുസരിച്ച് യൂണിറ്റുകൾക്ക് സ്വയം തീരുമാനമെടുക്കാമെന്ന്  കോഴിക്കോട് വ്യാപാരി വ്യവസായി ഏകോപന സമതി അറിയിച്ചു.

നാളെ കൊയിലാണ്ടിയില്‍ പതിനാറ് സ്ഥലത്ത് പൊലീസ് പിക്കറ്റ് പോസ്റ്റ്, ഇരുപത് യൂണിറ്റിന്‍റെ രണ്ട് സ്ട്രൈക്കര്‍; ഹര്‍ത്താല്‍ അക്രമങ്ങളെ നേരിടും, കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചാല്‍ ഉടന്‍ നടപടിയെന്നും കൊയിലാണ്ടി പൊലീസ്

അക്രമങ്ങൾ ഭയന്ന് വൈകുന്നേരം ആറര കഴിഞ്ഞു തുറക്കാനുള്ള ആലോചനയിലാണ് പല കച്ചവടക്കാരും. എന്നാൽ കടകളിൽ അതിക്രമിച്ചു കയറുകയോ നിർബന്ധമായി പൂട്ടിക്കുകയോ ചെയ്താൽ കർശനമായ നടപടിയെടുക്കുമെന്ന് കൊയിലാണ്ടി പോലീസ് അറിയിച്ചു.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് ആണ് നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്തുന്നത്. ഏത് സാഹചര്യത്തിനെയും നേരിടാൻ പോലീസ് തയ്യാറാണെന്ന് സി.ഐ സുനിൽകുമാർ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.