സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഹർത്താല്‍ ആരംഭിച്ചതിന് പിന്നാലെ വാഹനങ്ങൾക്ക് നേരെ കല്ലേറ്; ജില്ലയിൽ കെ.എസ്.ആർ.ടി.സി ബസ്സിന്‌ നേരെയുണ്ടായ ആക്രമണത്തിൽ ഡ്രൈവർക്ക് പരിക്ക്


കോഴിക്കോട്: സംസ്ഥാനത്ത് പോപ്പുലർ ഫണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചതിനു പിന്നാലെ ജില്ലയിലുൾപ്പെടെ വിവിധയിടങ്ങളിൽ വാഹനങ്ങൾക്ക് നേരെ കല്ലേറ്. ജില്ലയിൽ രണ്ട് കെഎസ്ആർടിസി ബസിന് നേരെയാണ് കല്ലേറ് ഉണ്ടായത്.

ആറു മണിയോടെ ഹർത്താൽ ആരംഭിച്ച് അധികം വൈകാതെ തന്നെ ബസ്സിനെ നേരെ കല്ലേറുണ്ടാവുകയായിരുന്നു. ബെംഗളൂരുവിലേക്ക് പോവുന്ന ബസ്സിന് നേരെയാണ് കല്ലേറുണ്ടായത്. ആക്രമണത്തിൽ ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റു . ഇയാളെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആലപ്പുഴ, തിരുവനന്തപുരം, വയനാട് എറണാകളം തുടങ്ങി വിവിധ സ്ഥലങ്ങളിൽ കെ.എസ്.ആർ.ടി.സി ക്ക് നേരെ അക്രമമുണ്ടായി. കണ്ണൂരിൽ നാരായൺ പാറയിൽ പത്രം കൊണ്ട് പോകുന്ന വാഹനത്തിനു നേരെ ബോംബേറുണ്ടായി. യാത്രക്കാരുടെ സഞ്ചാരം തടയരുതെന്ന പോലീസ് കർശന നിർദ്ദേശം പുറപ്പെടുവിച്ചതിനിടയിലാണ് ഈ അക്രമങ്ങൾ നടന്നത്.

ഹര്‍ത്താല്‍ ദിവസം ജനങ്ങളുടെ സഞ്ചാരം തടയുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കും എന്ന് പോലീസ് മേധാവിയുടെ അറിയിപ്പ് ഇന്നലെ പുറത്തിറങ്ങിയിരുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങള്‍ക്കും ആവശ്യമായ സുരക്ഷ ഒരുക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യാനും സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാനും ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും ഡിജിപി നിർദ്ദേശിച്ചു.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് ആണ് ഇന്ന് സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്തുന്നത്.