ഉള്ള്യേരിയില്‍ പട്ടാപ്പകല്‍ കാട്ടുപന്നി ആക്രമണം; സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് പരിക്ക്


ഉള്ള്യേരി: കാട്ടുപന്നി ആക്രമണത്തില്‍ സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. നടുവണ്ണൂര്‍ ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഉള്ള്യേരി ചിറക്കപ്പറമ്പത്ത് അക്ഷിമയെയാണ് കാട്ടുപന്നി ആക്രമിച്ചത്.

നടന്നുപോകവെ പിലാത്തോട്ടത്തില്‍ ക്ഷേത്രത്തിന് അടുത്തുനിന്നും തെരുവത്ത് കടവിലേക്കുള്ള റോഡില്‍ നിന്നാണ് സംഭവം. നിലവിളികേട്ട് എത്തിയ നാട്ടുകാര്‍ പെണ്‍കുട്ടിയെ ഉടനെ മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നും പ്രാഥമിക ചികിത്സയ്ക്കുശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടുകാര്‍ക്കിടയില്‍ ഭീതി പടര്‍ന്നിട്ടുണ്ട്. രാവിലെയും വൈകുന്നേരവും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേര്‍ കടന്നുപോകുന്ന വഴിയാണിത്. കാട്ടുപന്നിയെ പിടികൂടാന്‍ ആവശ്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.