സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്. മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ അതി തീവ്ര ന്യൂനമര്‍ദ്ദം ‘ദന’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിട്ടുണ്ട്. ‘ദന’ നാളെ രാവിലെയോടെ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കും.


ഇത് രാത്രിയോടെ ഒഡിഷ പശ്ചിമ ബംഗാള്‍ തീരത്ത് പുരിക്കും സാഗര്‍ ദ്വീപിനും ഇടയില്‍ മണിക്കൂറില്‍ പരമാവധി 120 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കോമറിന്‍ മേഖലക്ക് മുകളിലായി ഉയര്‍ന്ന ലെവലില്‍ ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുമുണ്ട്.