ബസില്‍ കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തു; പയ്യോളിയില്‍ റിട്ടയേര്‍ഡ് അധ്യാപകന്റെ കാലുകളിലൂടെ ടയര്‍ കയറിയിറങ്ങി, ഗുരുതര പരിക്ക്


പയ്യോളി: ബസില്‍ കയറുന്നതിനിടെ വീണ് പയ്യോളിയില്‍ റിട്ടയേര്‍ഡ് അധ്യാപകന് ഗുരുതര പരിക്ക്. പയ്യോളി ക്രിസ്ത്യന്‍ പള്ളിക്ക് സമീപം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം നടന്നത്. സമീപവാസിയായ ദേവികയില്‍ ദിനേശന്‍ (60) ആണ് അപകടത്തില്‍പ്പെട്ടത്.

ദിനേശന്റെ കാലുകള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ബസില്‍ കയറുന്നതിനിടെ ബസില്‍ നിന്ന് വീണ ദിനേശന്റെ കാലുകളിലൂടെ ബസിന്റെ ടയര്‍ കയറിയിറങ്ങുകയായിരുന്നു. കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന കെ.എല്‍ 59 കെ. 1111 ലിയ ബസാണ് അപകടത്തിനിടയാക്കിയത്. ദിനേശന്‍ ബസില്‍ കയറുന്നതിന് മുമ്പ് ബസ് മുന്നോട്ടെടുക്കുകയും അദ്ദേഹം വീഴുകയുമായിരുന്നു.

അപകടത്തിന് പിന്നാലെ ബസിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ ദിനേശനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.