അത്യാഗ്രഹത്തിന്റെ ഭാരം | Weight of Greed Children Story in Kathaneram
പ്രജകളുടെ ക്ഷേമം അന്വേഷിക്കാന്‍ പതിവ് യാത്രക്കിറങ്ങിയതായിരുന്നു രാജാവ്. അദ്ദേഹം ഒരു ചെറിയ അരുവിയുടെ തീരത്ത് കൂടി നടക്കുകയായിരുന്നു. അപ്പോഴാണ് അദ്ദേഹം ആ കാഴ്ച കണ്ടത്. അരുവിയുടെ മറുകരയില്‍ ഒരു വൃദ്ധന്‍ തലയില്‍ വലിയ ഒരു വിറകു കെട്ടുമായി നടന്നു വരുന്നു.
രാജാവിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ വൃദ്ധന്‍ തലയിലുള്ള ആ വിറക് കെട്ടുമായി അനായാസം ആ അരുവി ചാടിക്കടന്നു.
രാജാവിന് തന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം നേരെ ആ വൃദ്ധന്‍റെ അരികിലേയ്ക്ക് ചെന്നു. എന്നിട്ട് പറഞ്ഞു.
“താങ്കള്‍ ഇപ്പോള്‍ ചെയ്തത് അത്ഭുതകരമായിരിക്കുന്നു. താങ്കളെ പോലെ ഒരു അഭ്യാസിയെ ഞാന്‍ കണ്ടിട്ടില്ല. ഈ പ്രായത്തിലും ഇത്ര ഭാരമുള്ള ഈ വിറകു കെട്ടുമായി താങ്കള്‍ ഈ അരുവി ചാടിക്കടന്നത് തീര്‍ത്തൂം അവിശ്വനീയമാണ്. ഒരിക്കല്‍ കൂടി താങ്കള്‍ അത് പോലെ ചാടിക്കടന്നാല്‍ ഞാന്‍ താങ്കള്‍ക്ക് ആയിരം സ്വര്‍ണ്ണനാണയം സമ്മാനമായി തരാം.”
വൃദ്ധന്‍ അത് കേട്ടു വളരെ സന്തോഷവാനായി. അയാള്‍ വീണ്ടും ആ വിറകു കെട്ടുമായി അരുവി ചാടിക്കടക്കാന്‍ ശ്രമിച്ചു. അത്ഭുതകരമെന്ന് പറയട്ടെ, ഇത്തവണ അയാള്‍ക്ക് അരുവി ചാടിക്കടക്കാന്‍ കഴിഞ്ഞില്ല. അയാള്‍ വീണ്ടും ശ്രമിച്ചു, പക്ഷേ പരാജയപ്പെട്ടു. ഒരു തവണ കൂടി അയാള്‍ പൂര്‍വാധികം ആവേശത്തോടെ ശ്രമിച്ച് നോക്കി. ഇത്തവണയും അയാള്‍ ദയനീയമായി പരാജയപ്പെട്ടു. അയാള്‍ തളര്‍ന്ന് അരുവിയുടെ കരയില്‍ ഇരുന്നു.
രാജാവ് അത്യധികം അതിശയത്തോടെ ചോദിച്ചു.
“കുറച്ചു മൂന്‍പ് ഈ അരുവി നിങ്ങള്‍ അനായാസം ചാടിക്കടക്കുന്നത് ഞാന്‍ കണ്ടതാണല്ലോ. ഇപ്പോള്‍ എന്തു പറ്റി? എന്തു കൊണ്ടാണ് നിങ്ങള്ക്ക് അത് സാധിക്കാതിരുന്നത്?”
വൃദ്ധന്‍ ഒരു ചെറുചിരിയോടെ മറുപടി പറഞ്ഞു.
“കാരണം വളരെ നിസ്സാരമാണ് പ്രഭോ. ഭാരക്കൂടുതല്‍ കൊണ്ടാണ് എനിക്കത് സാധിക്കാതിരുന്നത്!”
“അതെങ്ങനെ?” രാജാവിന് അത് മനസ്സിലായില്ല.
ആദ്യം ഞാനീ അരുവി ചാടിക്കടക്കുമ്പോള്‍ എന്‍റെ തലയില്‍ ഈ വിറകു കെട്ടിന്‍റെ ഭാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അങ്ങനെയല്ല, അങ്ങ് വാഗ്ദാനം ചെയ്ത ആയിരം സ്വര്‍ണ്ണനാണയത്തിന്റെ ഭാരം എനിക്ക് താങ്ങാന്‍ കഴിയുന്നില്ല!”
വൃദ്ധന്‍റെ മറുപടി രാജാവിന് വളരെയധികം ഇഷ്ടപ്പെട്ടു. അദ്ദേഹം വൃദ്ധന്‍ ആയിരം സ്വര്‍ണ്ണനാണയം സമ്മാനമായി നല്കി.