കോവിഡ് കുതിക്കുന്നു; സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍; പരിശോധന കര്‍ശനമാക്കാന്‍ പൊലീസിന് നിര്‍ദേശം



കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കുന്നു. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

മാസ്‌ക് പരിശോധന കര്‍ശനമാക്കാന്‍ എസ്.പിമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ സാഖറെയാണ് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. പൊതു ഇടങ്ങളിലും യാത്രകളിലും മാസ്‌ക് നിര്‍ബന്ധമായിരിക്കണം. മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. സംസ്ഥാനത്ത് പ്രതിദിന കോവിഡ് കണക്കുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് എഡിജിപിയുടെ സര്‍ക്കുലര്‍.

പൊതുസ്ഥലം, ജനങ്ങള്‍ ഒത്തുചേരുന്ന സ്ഥലങ്ങള്‍, വാഹനയാത്ര, ജോലിസ്ഥലം എന്നിവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി ഏപ്രില്‍ 27ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇത് പലരും പാലിക്കുന്നില്ലെന്ന് കണ്ടതോടെയാണ് പരിശോധന ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയത്.

ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2005-ലെ ദുരന്ത നിവാരണ നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ അനുസരിച്ചുള്ള ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്നും സര്‍ക്കാര്‍ അറിയിച്ചു. മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് അഞ്ഞൂറ് രൂപയാണ് പിഴയായി ഈടാക്കുന്നത്.

സംസ്ഥാനത്ത് കഴിഞ്ഞദിവസം 2993 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ 24ന് 498 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി 3000 ന് മുകളിലായാണ് സംസ്ഥാനത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരാഴ്ചക്കിടെ 40 പേര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഈ സാഹചര്യത്തിലാണ് മാസ്‌ക് ഉപയോഗം കര്‍ക്കശമാക്കാന്‍ സര്‍ക്കാര്‍ തീരുമാനമായത്.
[mid4