ഉക്രെയിനിൽ നിന്ന് പന്തലായനിക്കാരൻ അഭിമന്യു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്; അതിർത്തിയിലേക്കുളള യാത്രയിലാണ്, അപകടത്തിലാണ്, ബോംബ് എപ്പോഴാണ് വീഴുക എന്നറിയില്ല, തിരിച്ചെത്താൻ സഹായിക്കണം
കൊയിലാണ്ടി: ഉക്രൈനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഹംഗറി അതിര്‍ത്തിയിലേക്ക് എത്തിക്കാന്‍ ശ്രമം. ഇവാനോ ഫ്രാന്‍ക് വിസ്റ്റ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളാണ് നാട്ടിലെത്താന്‍ ശ്രമം നടത്തുന്നത്.
എംബസി അധികൃതരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഹംഗറി അതിര്‍ത്തിയിലെത്താന്‍ അവിടെ നിന്നും നാട്ടിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യാത്ര തിരിക്കുന്നതെന്ന് സംഘത്തിലുള്‍പ്പെട്ട പന്തലായനി സ്വദേശിയായ അഭിമന്യു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ‘400 വിദ്യാര്‍ഥികളുമായി റൊമാനിയയിലേക്ക് പുറപ്പെടാന്‍ തീരുമാനിച്ചതാണ്. പക്ഷേ സുരക്ഷിതമല്ലെന്നു കണ്ട് ഹംഗറി അതിര്‍ത്തിയിലേക്കാണ് പോകുന്നത്. ഇവിടെ നിന്നും 700 ഓളം കിലോമീറ്ററാണ് ഹംഗറി അതിര്‍ത്തിയിലേക്ക് ഉള്ളത്. അവിടെ എംബസി അധികൃതര്‍ ഇടപെട്ട് ഇന്ത്യയിലേക്ക് മടങ്ങാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. നിലവിലെ സാഹചര്യത്തില്‍ ഇവിടെ തുടരുന്നത് അപകടകരമാണ്. എപ്പോഴാണ് ഈ മേഖലയില്‍ ആക്രമണങ്ങള്‍ നടക്കുകയെന്ന് പറയാന്‍ പറ്റില്ല.’ അഭിമന്യു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
പന്തലായനി സ്വദേശിയായ വിജയന്റെയും അജിതയുടെയും മകനാണ് അഭിമന്യു. ഉക്രൈനിലെ സംഭവവികാസങ്ങള്‍ അറിഞ്ഞ് ആകെ അസ്വസ്ഥരാണ് വിജയനും കുടുംബവും. ‘ മകന് ഇപ്പോള്‍ താമസിക്കുന്ന ഇടത്ത് പ്രശ്‌നമൊന്നുമില്ലെന്നാണ് പറഞ്ഞത്. അതിര്‍ത്തിയിലേക്ക് എത്താന്‍ വലിയ റിസ്‌കാണെന്നും നല്ല തണുപ്പാണെന്നുമാണ് അവന്‍ പറഞ്ഞത്. എന്താ സംഭവിക്കുകയെന്നറിയില്ല. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഞങ്ങള്‍’ അജിത കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
യുദ്ധം ആസന്നമായ ഘട്ടത്തില്‍ രണ്ടുദിവസം മുന്നേ ക്ലാസുകള്‍ ഓണ്‍ലൈനായി മാറിയപ്പോള്‍ ഇവരില്‍ പലരും നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചിരുന്നു. പോളണ്ടുവഴി ഇന്ത്യയിലേക്ക് വരാനായിരുന്നു ശ്രമം. എന്നാല്‍ അത് നടന്നില്ല.
ഇവര്‍ താമസിക്കുന്നതിന് ഏതാണ്ട് പത്തുകിലോമീറ്റര്‍ അകലെയുള്ള വിമാനത്താവളത്തിലാണ് രണ്ടുദിവസം മുമ്പ് ഷെല്ലുകള്‍ വീണത്. അധികം അകലെയല്ലാത്ത ലവീവ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും പേടിപ്പെടുത്തുന്ന സാഹചര്യമാണ്.