ഓവുചാല്‍ ഇല്ല: വെള്ളത്തില്‍ മുങ്ങി കൂരാച്ചുണ്ട്-നരിനട റോഡ്


 

പേരാമ്പ്ര: കൂരാച്ചുണ്ട്-നരിനട റോഡിലെ വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ഓവുചാല്‍ ഇല്ലാത്തതാണ് റോഡില്‍ വെള്ളക്കെട്ട് ഉണ്ടാവാന്‍ കാരണം. കാളങ്ങാലി വില്‍സണ്‍ മുക്ക്, പുത്തൂര്‍ താഴെ മേഖലകളിലാണ് മഴ പെയ്യുമ്പോള്‍ റോഡ് വെള്ളത്തിലാകുന്നത്.

 

ഇത് കാരണം മഴ പെയ്യുമ്പോള്‍ വാഹനങ്ങള്‍ക്ക് ഇതുവഴി പോകാന്‍ പ്രയാസമാണ്. വെള്ളം കെട്ടിക്കിടക്കുന്നത് ടാറിങ് പൊട്ടിപ്പൊളിയുന്നതിനും കാരണമാവുന്നുണ്ട്. റോഡില്‍ കലുങ്ക് ഉണ്ടെങ്കിലും ഓവുചാല്‍ നിര്‍മ്മിച്ച് വെള്ളം ഒഴുക്കിക്കളയാത്തതാണ് പ്രശ്‌നം.

 

കനത്ത മഴയില്‍ വെള്ളം ഒഴുകി പാതയില്‍ മണ്‍കൂന രൂപപ്പെടുന്നത് ഇരുചക്ര വാഹനങ്ങള്‍ക്ക് ഭീഷണിയാകുകയാണ്. ഓവുചാല്‍ നിര്‍മിച്ച് വെള്ളം ഒഴിവാക്കാന്‍ അധികൃതര്‍ അടിയന്തര നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡാണ് കൂരാച്ചുണ്ട്-നരിനട റോഡ്.

[bot1]