കൊയിലാണ്ടിയില്‍ കനത്ത മഴയും ഇടിമിന്നലും; ദേശീയപാതയില്‍ പലയിടത്തും വെള്ളക്കെട്ട്, വെങ്ങളത്തും പൂക്കാടും ഗതാഗതം തടസപ്പെട്ടു


കൊയിലാണ്ടി: അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ ദേശീയപാതയില്‍ പലയിടത്തും വെള്ളം കയറി. വെങ്ങളം, തിരുവങ്ങൂര്‍, പൂക്കാട്, തിക്കോടി ഭാഗങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. വെങ്ങളത്തുനിന്നും കോഴിക്കോട് പോകുന്ന ഭാഗത്ത് ബൈപ്പാസില്‍ വന്‍തോതില്‍ വെള്ളംകയറിയ നിലയിലാണ്. പൂക്കാട് പെട്രോള്‍ പമ്പിന് മുന്‍വശത്തും വെള്ളം കയറി വാഹനങ്ങള്‍ കടന്നുപോകാന്‍ പ്രയാസപ്പെടുകയാണ്.

പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂപപ്പെട്ടത് കാരണം വെങ്ങളം വികാസ് നഗര്‍ വഴി ചെറുവാഹനങ്ങളെ വാഹനം വഴിതിരിച്ചുവിട്ടതോടെ അവിടെയും വലിയ കുരുക്ക് രൂപപ്പെട്ടിരിക്കുകയാണ്. പലഭാഗത്തും മഴ ഇപ്പോഴും ശക്തമായി തുടരുന്നുണ്ട്. വെള്ളക്കെട്ടായതോടെ റോഡിലെ കുഴികള്‍ കാണാത്ത അവസ്ഥയായതിനാല്‍ അപകട സാധ്യതയുമുണ്ട്. പൊയില്‍ക്കാവില്‍ വലിയ തോതിലുള്ള വെള്ളക്കെട്ട് കാരണം റോഡില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ്.

കൊയിലാണ്ടി മീത്തലെക്കണ്ടി പള്ളിക്കരികില്‍ ദേശീയപാതയില്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഇവിടെയും വലിയ തോതിലുള്ള വെള്ളക്കെട്ടുണ്ട്. ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരും ചെറുവാഹനങ്ങളുമാണ് ഏറെ പ്രയാസപ്പെടുന്നത്. ഇന്ന് ആറുമണിമുതല്‍ പെയ്തു തുടങ്ങിയതാണ്. പരക്കെ ശക്തിയായ മഴയും ഇടിയും മിന്നലുമുണ്ട്. പലഭാഗത്തും വൈദ്യുതി വിതരണത്തെ ഇത് ബാധിച്ചിട്ടുണ്ട്.

Summary: Waterlogged in many places on the national highway due to heavy rain