പൊട്ടിയത് മുന്‍സിപ്പാലിറ്റി ടാങ്കിലേക്ക് ജലമെത്തിക്കുന്നതിനുള്ള പൈപ്പ്; കൊയിലാണ്ടിയില്‍ കുടിവെള്ള പൈപ്പ് പൊട്ടിയത് നിലവിലെ ജലവിതരണത്തെ ബാധിക്കില്ല


കൊയിലാണ്ടി: ദേശീയപാതയില്‍ സിവില്‍ സ്റ്റേഷന് സമീപം കുടിവെള്ള പൈപ്പ് പൊട്ടിയത് നിലവിലെ ജലവിതരണത്തെ ബാധിക്കില്ല. നഗരസഭയുടെ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായ സിവില്‍ സ്റ്റേഷന് സമീപത്തുള്ള വാട്ടർ ടാങ്കിലേക്ക് ജലമെത്തിക്കുന്നതിനുള്ള പൈപ്പാണ് പൊട്ടിയത്. ഇത് കുടിവെള്ള വിതരണത്തെ ബാധിക്കില്ലെന്ന് തഹസില്‍ദാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ദേശീയപാതയില്‍ പന്തലായനി ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്കുള്ള വഴിയുടെ മുമ്പിലായി കുടിവെള്ള പൈപ്പ് പൊട്ടിയത്. റോഡിലാകെ വെള്ളം നിറഞ്ഞതോടെ ദേശീയപാതയിലൂടെയുള്ള ഗതാഗതത്തെയും സാരമായി ബാധിച്ചിരുന്നു.

സമീപത്തെ ഹോട്ടല്‍, വീട്, ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപനം എന്നിവിടങ്ങളിലെല്ലാം വെള്ളം കയറിയിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ വാല്‍വ് അടച്ച് പ്രശ്‌നം പരിഹരിച്ചെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഊരള്ളൂരിലായിരുന്നു ഈ പൈപ്പിന്റെ വാള്‍വുണ്ടായിരുന്നത്. പ്രദേശത്ത് വെള്ളക്കെട്ട് ഒഴിവായിട്ടുണ്ട്. ഇവിടെ തല്‍ക്കാലത്തേക്ക് ക്വാറി മാലിന്യമിടുകയും കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലീക്ക് ഒഴിവാക്കുകയും ചെയ്യുമെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.

ദേശീയപാതയ്ക്ക് അരികിലായി പൈപ്പില്‍ ബെന്റുണ്ടായിരുന്നു. ഇത് പ്രഷര്‍ കാരണം പൊട്ടിയതാകാമെന്നാണ് വാട്ടര്‍ അതോറിറ്റി പറയുന്നത്. ടാങ്കിലേക്ക് ജലമെത്തിക്കുന്ന പൈപ്പായതിനാല്‍ അടിയന്തരമായി പ്രശ്‌നം പരിഹരിക്കേണ്ട ആവശ്യകതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൊയിലാണ്ടി നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി ടാങ്കില്‍ വെള്ളം ശേഖരിച്ച് തുടങ്ങിയിട്ടേയുള്ളൂ. ജലവിതരണം തുടങ്ങിയിട്ടില്ല. അതിനാല്‍ കുടിവെള്ള വിതരണത്തെ ഇത് ബാധിക്കില്ല.