കിണര്‍വെള്ളത്തിന് കടുത്ത ദുര്‍ഗന്ധവും നിറംമാറ്റവും; വീട്ടുകാര്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും: നന്തി ശ്രീശൈലം കുന്നിനു താഴെ താമസിക്കുന്ന ആറ് കുടുംബങ്ങള്‍ ആശങ്കയില്‍- വീഡിയോ


മൂടാടി: കിണറില്‍ ആവശ്യത്തിന് വെള്ളമുണ്ടായിട്ടും കുടിവെള്ളം മുട്ടിയ അവസ്ഥയിലാണ് നന്തി ശ്രീശൈലം കുന്നിന് സമീപം താഴ്ന്ന പ്രദേശത്തുള്ള ആറ് കുടുംബങ്ങള്‍. കിണര്‍വെള്ളത്തിന് കടുത്ത ദുര്‍ഗന്ധവും വെള്ളത്തിന് മുകളില്‍ എണ്ണപോലെയുളള ആവരണവും കണ്ടതോടെ വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണിവര്‍.


               ഹെല്‍ത്ത് ഇന്‍സ്‌പെക്ടമാരടക്കമുള്ളവര്‍ തൊഴിലാളികളുടെ ക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍

രണ്ട് മൂന്ന് ദിവസം മുമ്പാണ് പ്രദേശത്തെ ഒരു വീട്ടിലെ കിണര്‍ വെള്ളത്തിന് ദുര്‍ഗന്ധം അനുഭവപ്പെട്ടത്. ആ വീട്ടിലുള്ളവര്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തതിനു പിന്നാലെ പ്രദേശത്തെ മറ്റു കിണറുകളിലും സമാനമായ രീതിയില്‍ ദുര്‍ഗന്ധം അനുഭപ്പെട്ട് തുടങ്ങി. ആദ്യദിവസങ്ങളില്‍ വെള്ളത്തിന് നിറംമാറ്റമൊന്നുമുണ്ടായിരുന്നില്ല ദുര്‍ഗന്ധം മാത്രമാണുണ്ടായതെന്ന് പ്രദേശവാസികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. എന്നാല്‍ പിന്നീട് വെളളത്തിനു മുകളില്‍ എണ്ണയുടേത് പോലുള്ള പാടകള്‍ പ്രത്യക്ഷപ്പെടാനും നിറം മാറാനും തുടങ്ങിയെന്നും ഇവര്‍ പറയുന്നു.

വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നവരാണിവര്‍. ഇന്നുവരെ കിണര്‍ വെള്ളത്തിന് ഇത്തരമൊരു അവസ്ഥ വന്നിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. ശ്രീശൈലം കുന്ന് നിരത്തി വഗാഡ് ഇന്‍ഫ്ര കമ്പനി അവരുടെ പ്ലാന്റ് നിര്‍മ്മിക്കുകയും കമ്പനിയിലെ ജീവനക്കാര്‍ക്ക് താമസിക്കാനായി ക്യാമ്പുകള്‍ സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്. ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട മെറ്റീരിയലുകളില്‍ മിക്കതും ഇവരെ നിന്നാണ് മിക്‌സ് ചെയ്ത് കൊണ്ടുപോകുന്നത്. 1500ഓളം തൊഴിലാളികള്‍ താമസിക്കുന്ന ഇവരുടെ ലേബര്‍ ക്യാമ്പില്‍ കക്കൂസ് മാലിന്യങ്ങള്‍ നീക്കാനുള്ള കുഴിയില്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ സ്ഥാപിച്ചിട്ടില്ലെന്നും മണ്ണിലേക്ക് മാലിന്യങ്ങള്‍ കലരുന്ന രീതിയിലാണ് സംവിധാനമെന്നുമാണ് ഇവ മണ്ണിലൂടെ നേരിട്ട് പ്രദേശത്തെ ജലസ്രോതസ്സുകളില്‍ കലരാന്‍ സാധ്യതയുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നത്.

പ്രദേശവാസികളുടെ ആശങ്ക കണക്കിലെടുത്ത് കഴിഞ്ഞദിവസം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷീന, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ശിവദാസന്‍, ഷമേജ് എന്നിവരും സി.പി.എം പ്രവര്‍ത്തകരും കിണറുകള്‍ പരിശോധിക്കുകയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കാനുള്ള ഏര്‍പ്പാട് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാവില്ലെന്നും പരിശോധന റിപ്പോര്‍ട്ട് ലഭിച്ചശേഷം ഡി.എം.ഒയ്ക്ക് കൈമാറുമെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്.

പ്ലാന്റിലെ തൊഴിലാളികളുടെ ക്യാമ്പും സംഘം സന്ദര്‍ശിച്ചിരുന്നു. അടുക്കള മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും വേണ്ടരീതിയില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

ക്യാമ്പിലെ ശുചിത്വപ്രശ്‌നങ്ങള്‍ പൊതുജനങ്ങള്‍ നേരത്തെ തന്നെ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും അവര്‍ ക്യാമ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴും മണ്ണില്‍ കുഴിയെടുത്ത് കക്കൂസ് മാലിന്യങ്ങള്‍ അവിടെ തള്ളുന്ന രീതി തന്നെയാണ് തുടരുന്നത്. ഈ സാഹചര്യത്തില്‍ ഇനിയും ഇത് തുടര്‍ന്നാല്‍ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇത് സംബന്ധിച്ച കൂടിയാലോചനകള്‍ ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്.